കാസര്‍കോട്: ഓടുന്ന പാചക വാതക ലോറിയില്‍ പുക ഉയര്‍ന്നത് ബേക്കലില്‍ നാട്ടുകാരില്‍ പരിഭ്രാന്തി പടര്‍ത്തി. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ ബേക്കല്‍ പൊലീസ് സ്റ്റേഷന്റെ മുന്നിലാണ് സംഭവം. മംഗളൂരുവില്‍ നിന്ന് കോഴിക്കോട് ചേളാരിയിലേക്ക് വാതകവുമായി പോവുകയായിരുന്ന ലോറിക്കടിയില്‍ നിന്നാണ് പുക ഉയര്‍ന്നത്. വാതക ചോര്‍ച്ചയാണെന്ന സംശയത്തെ തുടര്‍ന്ന് ഡ്രൈവര്‍ ശശി ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട് നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് ടീമും പൊലീസും ലോറി പരിശോധിച്ചപ്പോഴാണ് ടയറിന്റെ ലൈനര്‍ ജാമായി പുക ഉയരുന്നത് കണ്ടത്. ഉടന്‍ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ച് പുക നിയന്ത്രണ വിധേയമാക്കി. കാസര്‍കോട് അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ എംകെ രാജേഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വിഎന്‍ വേണുഗോപാല്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ പിജി ജീവന്‍, അനീഷ് മാത്യൂ, ഫയര്‍ വുമണ്‍ അനശ്രീ, അജേഷ്, രാകേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.