സ്‌കൂട്ടര്‍ നന്നാക്കി നല്‍കാത്ത വിരോധത്തില്‍ ഒല ഷോറൂമിനു പെട്രോളൊഴിച്ചു തീയിട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, കല്‍ബുര്‍ഗി, ഉമ്മനാബാദ് സ്വദേശി മുഹമ്മദ് നദീമി (28)നെയാണ് കല്‍ബുര്‍ഗി പൊലീസ് അറസ്റ്റു ചെയ്തത്. സെപ്തംബര്‍ 10ന് ആണ് കേസിനാസ്പദമായ സംഭവം.
മുഹമ്മദ് നദീം 20 ദിവസം മുമ്പ് കല്‍ബുര്‍ഗിയിലെ ഒല ഷോറൂമില്‍ നിന്നു പുതിയ സ്‌കൂട്ടര്‍ വാങ്ങിയിരുന്നു. വാങ്ങിയത് മുതല്‍ സ്‌കൂട്ടര്‍ തകരാറില്‍ ആണെന്നു പലതവണ ഷോറൂം ജീവനക്കാരെ കണ്ട് പ്രശ്‌നം പറയുകയും ചെയ്തിരുന്നു. എന്നാല്‍ പ്രശ്‌നത്തിനു പരിഹാരമായില്ല. ജീവനക്കാരുടെ ഈ നിലപാടില്‍ പ്രതിഷേധിച്ച് മുഹമ്മദ് നമീം ഷോറൂമിലെത്തി പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. ആറു സ്‌കൂട്ടറുകള്‍ കത്തി നശിച്ചു. ഷോറൂമിനു കാര്യമായ നാശനഷ്ടം ഉണ്ടായി. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടിത്തത്തിനു കാരണമെന്ന് സംശയിച്ചിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് തീപിടുത്തത്തിന്റെ കാരണം വ്യക്തമായതെന്നു പൊലീസ് പറഞ്ഞു.