കാസര്‍കോട്: പീപ്പിള്‍സ് ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഉദുമയുടെ ആദ്യ കബഡി ടീം അംഗങ്ങള്‍ ഒത്തു ചേര്‍ന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജില്ലയിലെ മികച്ച ടീമുകളുമായി ഏറ്റുമുട്ടി നിരവധി മെഡലുകളും ട്രോഫികളും വാങ്ങിക്കൂട്ടിയ താരങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്നപ്പോള്‍, ആ ഒത്തുചേരല്‍ ഒരാഘോഷമായി മാറിയിരുന്നു. പ്രവാസികളടക്കം ആ 11 പേരും കഴിഞ്ഞ ദിവസം ക്ലബ്ബില്‍ ഒരുക്കിയ സംഗമത്തില്‍ പങ്കെടുത്തു. സുരേന്ദ്രന്‍ ഉദുമ, ശശി കോട്ടക്കുന്ന്, കെ.ടി ജയന്‍, അച്ചുതന്‍ ആടിയത്ത്, മുരളി വാഴുന്നോര്‍വളപ്പ്, രവി ബക്കാര്‍(എമി), ചന്ദ്രന്‍ കുറുക്കന്‍ക്കുന്ന്, നാരായണന്‍ വാണിയന്‍വളപ്പ്, രവി കാശി, കെ.എം സുധാകരന്‍, കെ.ടി ജതിന്‍ എന്നിവരാണ് താരങ്ങള്‍. പ്രഥമ കബഡി ടീം അംഗങ്ങള്‍ക്ക് നിലവിലെ അംഗങ്ങള്‍ ഗംഭീര സ്വീകരണവും നല്‍കിയിരുന്നു. കാസര്‍കോടന്‍ കബഡി ചരിത്ര പുസ്തക താളുകളില്‍ എഴുതിചേര്‍ക്കപ്പെട്ട പ്രഗത്ഭമായ ടീമായിരുന്നു ഉദുമ പീപ്പിള്‍സ് ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്. ഫുട്ബോളില്‍ പേരെടുത്ത് ഒട്ടേറെ ബഹുമതികള്‍ സ്വന്തമാക്കിയ പീപ്പിള്‍സിന്റെ ആദ്യ കബഡി ടീ രൂപം കൊണ്ടത് 1987 ല്‍ ആയിരുന്നു. 1992 വരെ അവര്‍ ക്ലബിന് വേണ്ടി കളിച്ചു. നിരവധി മല്‍സരങ്ങളിലൂടെ നേടിയെടുത്ത മെഡലുകളും ട്രോഫികളും പിപ്പിള്‍സിന്റെ പ്രദര്‍ശന അലമാരയിലേക്ക് ഈ കബഡി ടീമിലൂടെ ഇടം നേടിയിരുന്നു. അന്ന് വീറോടെ കളിച്ചവര്‍ ഇപ്പോള്‍ ജില്ലയിലെ മിക്ക മത്സരവേദികളിലും കളിക്കാര്‍ക്ക് ആവേശം പകരുന്ന കാഴ്ചക്കാരാണ്.