കല്‍പ്പറ്റ: വെള്ളാരംകുന്നില്‍ വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിയില്‍ ഗുരുതരമായി പരുക്കേറ്റ ജന്‍സണ്‍ വെന്റിലേറ്ററില്‍. തലയിലും മൂക്കിലും അനിയന്ത്രിത രക്തസ്രാവമാണെന്ന് മൂപ്പന്‍സ് മെഡിക്കല്‍ കോളജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍ പറഞ്ഞു. നിലവില്‍ വെന്റിലേറ്ററിന്റെ സാഹായത്താല്‍ ആണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരനാണ് ജന്‍സണ്‍. അപകടത്തില്‍ ശ്രുതിക്കും പരുക്കേറ്റിരുന്നു. 9 പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. വാനും കോഴിക്കോട് കല്‍പ്പറ്റ റൂട്ടിലോടുന്ന സ്വകാര്യബസും ആണ് കൂട്ടയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു. വാന്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മാധവി, രത്‌നമ്മ, ലാവണ്യ, കുമാര്‍, ആര്യ, അനില്‍കുമാര്‍, അനൂപ് എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. ശ്രുതിക്ക് കാലിനാണ് പരിക്ക്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കിന്‍ഫ്രയ്ക്കടുത്ത് സ്ഥിരം അപകടമേഖലയായ വളവിലാണ് വാനും ബസും കൂട്ടിയിടിച്ചത്. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയയുമടക്കം 9 ബന്ധുക്കളെയാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്. ദുരന്തത്തിന് ഒരു മാസം മുന്‍പ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. കല്‍പറ്റയിലെ വാടക വീട്ടില്‍ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ജെന്‍സന്റെ പിന്തുണയാണുള്ളത്. ഈ മാസം അവസാനം വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കെയാണു വാഹനാപകടം.