ബംഗളൂരു: പ്രമുഖ കന്നഡ ടിവി നടന്‍ കിരണ്‍ രാജ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. പരിക്കേറ്റ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിന് പരിക്കേറ്റ നടന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് വിവരം. ഡിവൈഡറില്‍ ഇടിച്ചാണ് കാര്‍ മറിഞ്ഞത്. ഗുരുതേജ് ഷെട്ടി സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘റോണി’ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് അപകടം. ചൊവ്വാഴ്ച രാത്രി ബംഗളൂരു പേപ്പിമുണ്ടൈയില്‍ റോഡിന് കുറുകെ വന്ന ഒരു മൃഗത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. മെഴ്സിഡസ് ബെന്‍സ് ഓടിച്ചത് നടനായിരുന്നു. ഒപ്പമുണ്ടായിരുന്ന റോണിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗിരീഷ് ഹെഗ്‌ഡെ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ‘കണ്ണാടി’യിലൂടെ പ്രശസ്തനായ താരമാണ് കിരണ്‍ രാജ്. കന്നഡയിലും ഹിന്ദിയിലും നിരവധി ജനപ്രിയ ടെലിവിഷന്‍ സീരിയലുകളില്‍ കിരണ്‍ രാജ് അഭിനയിച്ചിട്ടുണ്ട്.