കാസര്‍കോട്: എറണാകുളത്തു നിന്നു കാണാതായ വയോധികയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസില്‍ പൊലീസ് തെരയുന്ന ദമ്പതികള്‍ കാസര്‍കോട്ടും എത്തിയിരുന്നതായി സൂചന. ഏതാനും ദിവസം കാസര്‍കോട്ട് തങ്ങിയ ശേഷമായിരിക്കും മംഗ്‌ളൂരുവിലും ഉഡുപ്പിയിലുമെത്തി വയോധികയില്‍ നിന്നു തട്ടിയെടുത്ത സ്വര്‍ണ്ണം വില്‍പ്പന നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. എറണാകുളത്ത് നിന്നു ആഗസ്ത് നാലിന് കാണാതായ സുഭദ്ര (73)യുടെ മൃതദേഹം ചൊവ്വാഴ്ചയാണ് ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷിക്കുന്ന ആലപ്പുഴ, കാട്ടൂരിലെ മാത്യൂസ് എന്ന നിധിന്‍ (38), ഭാര്യ കര്‍ണ്ണാടക ഉഡുപ്പിയിലെ ശര്‍മ്മിള (26) എന്നിവര്‍ താമസിച്ചിരുന്ന വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സുഭദ്രയുടെ ഫോണിലേക്ക് അവസാനമായി വിളിച്ചത് മാത്യൂസിന്റെ ഫോണിലേക്കാണെന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്യൂസിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ അതിനു മുമ്പു തന്നെ ഫോണ്‍ ഓഫ് ചെയ്ത് മാത്യൂസും ശര്‍മ്മിളയും സ്ഥലം വിടുകയായിരുന്നു. ബസിലും ട്രെയിനിലും കയറി രക്ഷപ്പെട്ട ഇരുവരും കാസര്‍കോട്ടെത്തിയതായി പൊലീസ് സംശയിക്കുന്നു. ആലപ്പുഴയില്‍ നിന്നു മുങ്ങുന്നതിനു മുമ്പ് കുറച്ച് സ്വര്‍ണ്ണം ആലപ്പുഴയിലെ ജ്വല്ലറിയിലും വില്‍പ്പന നടത്തിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ തുക തീര്‍ന്നതോടെയാണ് ദമ്പതികള്‍ കാസര്‍കോട്ട് നിന്നു മംഗ്‌ളൂരുവിലേക്ക് പോയതെന്നും സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകണമെങ്കില്‍ ദമ്പതികളെ കണ്ടെത്തേണ്ടതുണ്ടെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.