രാജ്യത്ത് മൊബൈല്‍ ഫോണ്‍ പ്രചാരത്തിലായിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടു. ഉപയോഗത്തില്‍ വന്നപ്പോള്‍ മുതലുള്ള സംശയമാണ് അവയുടെ ഇലക്ട്രോമാഗ്‌നിറ്റിക് റേഡിയേഷന്‍ കാന്‍സറുണ്ടാക്കുമോ എന്നത്. എന്നാല്‍, ഈ സംശയത്തിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് പുതിയ പഠനം. വയര്‍ലെസ് സാങ്കേതികവിദ്യകള്‍ പുറത്തുവിടുന്ന റേഡിയോ തരംഗങ്ങള്‍ വളരെ ശക്തി കുറഞ്ഞതാണ്. കോശങ്ങളുടെ ഡിഎന്‍എയില്‍ തകരാറുണ്ടാക്കാനുള്ള ഊര്‍ജം ഇവയ്ക്കില്ലെന്ന് പഠനത്തില്‍ പറയുന്നു.
ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) നിയോഗിച്ച സംഘമാണ് ഈ പഠനം നടത്തിയത്. എന്‍വിയോണ്‍മെന്റ് ഇന്റര്‍നാഷണല്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പത്ത് വര്‍ഷത്തിലധികം കാലം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ പരമാവധി കോളുകള്‍ നടത്തുകയോ ചെയ്തവരില്‍പോലും അപകടസാധ്യത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ന്യൂസീലാന്‍ഡിലെ ഓക്ക്ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകനായ മാര്‍ക്ക് എല്‍വുഡ് പറഞ്ഞു.
മൊബൈല്‍ ഫോണ്‍ ഉപയോഗവും മസ്തിഷ്‌ക കാന്‍സറും തലയിലും കഴുത്തിലുമായി കാണപ്പെടുന്ന കാന്‍സറുകളും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുന്നവരുടെ എണ്ണം സ്ഥിരമായ നിരക്കില്‍ തന്നെ തുടരുകയാണെന്നും പഠനത്തില്‍ പങ്കെടുത്ത ഗവേഷകനായ കെന്‍ കരിപ്പിഡിസ് പറഞ്ഞു. 4ജി, 5ജി, വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയവയെല്ലാം റേഡിയോ തരംഗങ്ങളായാണ് ഡാറ്റകള്‍ കൈമാറുന്നത്. എന്നാല്‍ ഇവയ്ക്ക് ഒന്നിനുപോലും ശരീരത്തിലെ കോശങ്ങളെ ചൂടാക്കാനോ അവയ്ക്കോ ഡിഎന്‍എയ്ക്കോ തകരാര്‍ വരുത്താനോ കഴിയില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
സെല്‍ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍ അയൊണൈസിംഗ് അല്ലാത്തവയാണ്. അതേസമയം, ഒരു എക്‌സ് റേ മെഷീനില്‍ നിന്നുള്ള വികിരണം അയോണൊസിംഗ് ആണ്. അതേസമയം, മൊബൈല്‍ ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുന്നത് നല്ലതാണെന്നും തലവേദന, ഉത്കണ്ഠ, കേള്‍വിക്കുറവ് എന്നിവയ്ക്ക് അത് കാരണമായേക്കാമെന്നും ഈ മേഖലയിലെ വിദ്ഗധന്‍ ഡോ. ശങ്കര്‍ പറയുന്നു.