കാസര്‍കോട്: ഇരിയണ്ണിയിലും പരിസരങ്ങളിലും ഭീതിപരത്തിക്കൊണ്ടിരിക്കുന്ന പുലിയുടേതെന്നു സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. ചെറ്റത്തോട്ടെ അനില്‍ കുമാറിന്റെ തോട്ടത്തിലാണ് ചെളിയില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. സമീപത്തുള്ള മറ്റു തോട്ടങ്ങളിലും ഇത്തരത്തിലുള്ള കാല്‍പ്പാടുകള്‍ കാണപ്പെട്ടു.
രാത്രികാലങ്ങളില്‍ പുലിയിറങ്ങുന്നത് പതിവാണെന്ന പരാതികളെ തുടര്‍ന്ന് ഇരിയണ്ണിക്കു സമീപത്ത് വനം വകുപ്പ് നേതൃത്വത്തില്‍ നാലു ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അവയിലൊന്നും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല.
രണ്ടു ദിവസം മുമ്പ് കുണിയേരി പുതിയ വീട്ടിനു സമീപത്തു പുലിയെ കണ്ടിരുന്നു. അവിടെ നിന്നു ഒരു കിലോമീറ്റര്‍ ദൂരെയാണ് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ട ചെറ്റത്തോട്. ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞാല്‍ കെണി വച്ച് പിടികൂടാനുള്ള ആലോചനയിലാണ് വനം വകുപ്പ് അധികൃതര്‍.