ആഹ്ലാദിക്കൂ, ഹൃദയമേ, ആഹ്ലാദിക്കൂ!എന്ന് പറയേണ്ട സമയം.
നമ്മുടെ നഗരം മാറുന്നു. പറയുന്നത് നഗരപിതാവ.് മുഖവിലയ്ക്കെടുക്കണം. അസാധ്യമായത് പറയുകയില്ലല്ലോ. നഗരസഭയുടെ സ്ട്രീറ്റ് വെന്റേഴ്‌സ് ഹബ്ബ് ഔപചാരികമായ ഉദ്ഘാടനത്തിനൊരുങ്ങുന്നു എന്ന് പത്രവാര്‍ത്ത. (24.08.24)എന്താണ് സംഗതി എന്ന് മനസ്സിലായോ?ഇല്ലെങ്കില്‍ ഉദ്ഘാടനം നടക്കുമ്പോള്‍ കണ്ടറിയാം. എന്തോ നല്ല കാര്യമായിരിക്കും എന്ന് തല്‍ക്കാലം മനസ്സിലാക്കുക. ബഹു. നഗര പിതാവ് അറിയിച്ചതല്ലേ?
തുടര്‍ന്നുള്ള വിവരണത്തില്‍ നിന്നും ചിലത്. തെരുവോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നു. ആ പദ്ധതിയാണത്രേ. പുതിയ ബസ്റ്റാന്‍ഡ് പരിസരത്താണ് ഹബ്ബ് ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ അവസരം ലഭിച്ച തെരുവോര കച്ചവടക്കാര്‍ക്ക് ഹബ്ബുകള്‍ അനുവദിക്കും. അതിനുള്ള നറുക്കെടുപ്പ് നടന്നു. അപേക്ഷകര്‍ കൂടുതലായതുകൊണ്ടാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. അനുയോജ്യമായ വേറെ സ്ഥലങ്ങളിലും തുടര്‍ന്ന് ഇതുപോലെ ഹബ്ബുകള്‍ സജ്ജീകരിക്കും. എംജി റോഡിലെ മുഴുവന്‍ തെരുവോര കച്ചവടക്കാരെയും മാറ്റും. 28 ഹബ്ബുകള്‍ ആദ്യഘട്ടത്തില്‍. ലോട്ടറിസ്റ്റാളുകളുമുണ്ടല്ലോ ഈ ഭാഗത്ത്. ഉപഭോക്താക്കള്‍ ഇവിടെ തടിച്ചുകൂടുന്നു, മാര്‍ഗതടസ്സമുണ്ടാകുന്നു എന്ന പരാതിയുണ്ട്. ടിക്കറ്റെടുക്കാനും നറുക്കെടുപ്പ് വിവരമറിയാനും വരുന്നവര്‍ തടിച്ചു കൂടുമ്പോള്‍ സംഭവിക്കുന്നത്. ഇത് ഒഴിവാക്കാനായി ലോട്ടറി സ്റ്റാളുകളും മാറ്റുംആദ്യഘട്ടത്തില്‍ അഞ്ചണ്ണം.
നഗരസഭയുടെ ശ്രദ്ധ പതിഞ്ഞ മറ്റൊരിടം മത്സ്യ മാര്‍ക്കറ്റാണ്. എത്രയോ കാലമായി നഗരത്തിനും നഗരഭരണത്തിന് ചുമതലപ്പെട്ട മുനിസിപ്പാലിറ്റിക്കും മാനക്കേടുണ്ടാക്കുന്നു നിലവിലെ മത്സ്യ മാര്‍ക്കറ്റ്. കോടികള്‍ മുടക്കി പണിത ‘അത്യാധുനിക മത്സ്യ വിപണന കേന്ദ്രം’എന്നാണ് അവകാശപ്പെടുന്നത്. എന്തെല്ലാമാണ് അവിടെ സജ്ജീകരിച്ചിട്ടുള്ളത് എന്നറിയിക്കുന്ന പടുകൂറ്റന്‍ പരസ്യപ്പലക പ്രവേശന കവാടത്തിനടുത്തായി സ്ഥാപിച്ചിട്ടുണ്ടായിരുന്നു. അത് ഇപ്പോള്‍ കാണാനില്ല എന്നാണ് പറഞ്ഞു കേട്ടത്. കുറെ കാലമായി അങ്ങോട്ട് പോയിട്ടില്ലാത്തതുകൊണ്ട് വാസ്തവമറിയില്ല. ഔപചാരികമായ ഉദ്ഘാടന വേളയില്‍ (നാടിന് സമര്‍പ്പിക്കുന്നു എന്നാണല്ലോ ശൈലി)-സംബന്ധിച്ച അതിവിശിഷ്ട വ്യക്തികളുടെ പേര് വിവരങ്ങള്‍ എഴുതിവെച്ച ബോര്‍ഡ്. അതില്‍ പറയുന്ന സൗകര്യങ്ങളെല്ലാമുണ്ടായിട്ടും, പുറത്ത് മീന്‍ കൊട്ടയുമായി നിലത്ത് കുത്തിയിരുന്ന് മീന്‍ വില്‍പന -അകത്തേക്ക് പ്രവേശനമില്ലാത്തതുപോലെ. ജീവനോപായം വേറെയില്ലല്ലോ.
മീന്‍ കൊട്ടകളില്‍ നിന്നുള്ള ദുര്‍ഗന്ധം വഹിക്കുന്ന മലിനജലം താഴോട്ടൊഴുകി എവിടെയെല്ലാമാണ് എത്തുന്നത്.നാട്ടുകാരുടെ സൈ്വര്യം കെടുത്തുന്നത് എന്ന് കൂടെക്കൂടെ വാര്‍ത്ത കാണാറുണ്ടല്ലോ. അതിന് പരിഹാരം കാണേണ്ടവര്‍ അതൊന്നും വായിക്കാറില്ലായിരിക്കും!ഓര്‍ക്കുന്നു, ജീവന്‍ ബാബു ഐ.എ.എസ് ജില്ലാ കലക്ടറായിരിക്കെ അവിടെ പരിശോധിക്കുകയുണ്ടായി. കളക്ടറേറ്റില്‍ നടന്ന ഒരു മീറ്റിങ്ങില്‍ അക്കാര്യം പറഞ്ഞു. എല്ലാം ശരിയാക്കും എന്ന് നഗരസഭ സാരഥികള്‍ ഉറപ്പു നല്‍കി. അധികാരികള്‍ക്ക് എളുപ്പം സാധിക്കുന്ന ഒന്ന് അതാണല്ലോ- ‘ഉറപ്പു നല്‍കുക’.
പതിറ്റാണ്ടുകള്‍ക്ക് ശേഷമാണെങ്കിലും ഇപ്പോള്‍ അതും പുതിയ നഗരസാരഥിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പത്രവാര്‍ത്ത ഇങ്ങനെ: നഗരസഭയുടെ മത്സ്യമാര്‍ക്കറ്റിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും മലിനജലവും മാലിന്യവും നാട്ടുകാര്‍ക്ക് ഉപദ്രവകമാക്കാത്ത രീതിയില്‍ സംസ്‌കരിക്കുന്നതിന് എന്തൊക്കെ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാനും ചെയര്‍മാന്‍ പ്രത്യേക യോഗം വിളിച്ചു. മത്സ്യമാര്‍ക്കറ്റിലെ മൊത്തക്കച്ചവടക്കാര്‍, മത്സ്യ ഏജന്റുമാര്‍, മത്സ്യത്തൊഴിലാളികള്‍ വില്‍പ്പനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു; പ്രശ്നങ്ങള്‍ പറഞ്ഞു. പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു. അഭിപ്രായങ്ങള്‍ കേട്ട് ചര്‍ച്ച ചെയ്തു ഭാവി കാര്യങ്ങള്‍ തീരുമാനിച്ചു. ഉടനെ ചെയ്യാന്‍ പോകുന്ന ചില കാര്യങ്ങള്‍. മാര്‍ക്കറ്റിന് മുമ്പിലുള്ള മതില്‍ പൊളിച്ചുമാറ്റി, സൗകര്യം വര്‍ദ്ധിപ്പിക്കും. ശുചിമുറി കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കും. (പരിസരവാസികള്‍ക്ക് ആശ്വാസമാകും. മാര്‍ക്കറ്റില്‍ പ്രാഥമികാവശ്യ നിര്‍വഹണത്തിന് ആവശ്യമായ സംവിധാനം ഇല്ലാത്തതുകൊണ്ട് അങ്ങോട്ടാണ് മത്സ്യ വില്‍പ്പനകാരികള്‍ ഓടിപ്പോകുന്നത്)മാര്‍ക്കറ്റ് പരിസരം ഇന്റര്‍ലോക്ക് ചെയ്ത് മനോഹരമാക്കും. (മനോഹാരിത കുറച്ച് കുറഞ്ഞാലും ഉപയോഗ യോഗ്യമായാല്‍ ആശ്വാസം)ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ പ്രതീക്ഷ വളര്‍ത്തുന്നു. നഗരസഭ ഭരണസമിതിയുടെ തലപ്പത്ത് അടുത്തകാലത്തുണ്ടായ മാറ്റം വൃഥാവിലായിട്ടില്ല. ഈ അഭിപ്രായം മാറ്റി പറയാന്‍ ഇടയാക്കരുത.് ആരംഭശൂരത്വമാകരുത് ഒന്നും. യോഗം ചേരുന്നതിന് പത്തു ദിവസം മുമ്പ് കണ്ട വാര്‍ത്ത. റെയില്‍വേ സ്റ്റേഷനു അടുത്തുള്ള പൊയക്കര അബ്ദുറഹ്‌മാന്‍ ഹാജി പാര്‍ക്കില്‍ ആളുകള്‍ വരുന്നില്ല. അതായത് പാര്‍ക്ക് പാടെ പാഴായി എന്ന്. വിഷജന്തുക്കളുടെ വിഹാരരംഗം, വിഷഭീതി.അവിടെയും നവീകരണ പ്രവര്‍ത്തനം യഥാസമയം നടത്താറില്ല. പാര്‍ക്കിനടുത്ത് ഒരു വ്യായാമകേന്ദ്രമുണ്ട്. അതും ആളു കേറാത്തിടം. എളുപ്പം ചെയ്യാവുന്ന ഒരു കാര്യമുണ്ട് നമ്മുടെ നാട്ടില്‍- ഒരിടത്ത് ഒരു ബോര്‍ഡ് വയ്ക്കുക- ‘പാര്‍ക്ക്’, ‘വിശ്രമ കേന്ദ്രം’. അത്യാധുനികം എന്നൊരു വിശേഷണം. പാര്‍ക്കില്‍ എന്തെല്ലാം ഉണ്ടായിരിക്കണം എന്ന് പരിഗണനയേ ഇല്ല. ഒരു പ്രമുഖ വ്യക്തിയുടെ സ്മാരകമാണെന്ന് ഘോഷിക്കും, അദ്ദേഹത്തെ മരണാനന്തരം അപമാനിക്കാന്‍ വേണ്ടി! പാര്‍ക്കിന് ഈ ദുരവസ്ഥയുണ്ടായതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കേണ്ടേ?ആര്‍ക്കെതിരെ?നഗരസഭ ഭരണസമിതിക്കെതിരെ. പുതിയ ബസ്റ്റാന്റിലും കന്നുകാലി ശല്യം. ഉടമസ്ഥര്‍ക്ക് പിഴ ചുമത്തും എന്ന് നഗരസഭാ സെക്രട്ടറിയുടെ അറിയിപ്പ്. പൊതുസ്ഥലം മലിനമാക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തും എന്ന പരസ്യം പോലെ ഇതും. ‘മന്ത് കാലന്റെ ഭീഷണി’പോലെ!
ആഹ്ലാദിക്കാന്‍ പറഞ്ഞിട്ട് ആക്രോശിക്കുകയോ?