കാസര്‍കോട്: കാടങ്കോട് കാവുംചിറ പഴയ ഹാര്‍ബറിന് സമീപത്തെ പ്രകാശനെ (32) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി-എസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഉദിനൂര്‍ സുകുമാരന്‍, എ.വി അശോകന്‍ കാടങ്കോട്, ചെറുവത്തൂര്‍ മണ്ഡലം പ്രസിഡന്റ് ടി.വി കൃഷ്ണന്‍ എന്നിവര്‍ ജില്ലാ പൊലീസ് മേധാവിക്കും ഡി. ജി.പിക്കും കത്ത് അയച്ചു. തെറ്റായ പരാതി നല്‍കി യുവാവിനെ കള്ളക്കേസില്‍ കുടുക്കി ചതിക്കാന്‍ ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളാണ് പ്രകാശനെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളും നാട്ടുകാരും സംശയിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും ഒരു കുടുംബത്തിന്റെ അത്താണിയെ ഇല്ലാതാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കാടങ്കോട് ജയ്ഹിന്ദ് വായനശാലക്ക് സമീപത്തെ മുറിയില്‍ പ്രകാശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മീന്‍ വാങ്ങിയ പണം കൊടുക്കാത്തതിലുള്ള വിരോധം കാരണം പൊതുജനമധ്യത്തില്‍ മോശം ഭാഷയില്‍ സംസാരിച്ചതിനു പിലിക്കോട് സ്വദേശിയിനിയുടെ പരാതിയില്‍ ചന്തേര പൊലീസ് പ്രകാശനെതിരെ കേസെടുത്തിരുന്നു. പ്രകാശനുമായി തര്‍ക്കം ഉണ്ടായിരുന്നെന്നും ഇതിന്റെ പ്രതികാരമായാണ് യുവതി പൊലീസില്‍ പരാതി നല്‍കിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. യുവതി നല്‍കിയ വ്യാജ പരാതിയില്‍ മനംനൊന്താണ് ആത്മഹത്യയെന്നു കാണിച്ച് സഹോദരീ ഭര്‍ത്താവ് ചന്തേര പൊലീസില്‍ പരാതി നല്‍കിയിരുന്നു.