കാസര്‍കോട്: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍, ആര്‍.എസ്.എസ് നേതാക്കളെ കണ്ട വിവാദം മാധ്യമസൃഷ്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എഡിജിപി എംആര്‍ അജിത് കുമാര്‍ ആരെ കാണാന്‍ പോകുന്നതൊന്നും തങ്ങളുടെ പ്രശ്‌നമല്ല. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. എഡിജിപിയും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല. സി.പി.എമ്മിന് എന്ത് നിലപാട് എന്ന് എല്ലാവര്‍ക്കും അറിയാമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ പൂരം കലക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെയാണ് താന്‍ അസംബന്ധം എന്ന് പറഞ്ഞത്. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസാണ്. അത് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഞങ്ങളുടെ നൂറുകണക്കിന് സഖാക്കളെ കൊന്നൊടുക്കിയിട്ടുള്ള പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. ബി.ജെ.പിയുമായി ലിങ്ക് ഉണ്ടാക്കിയത് യു.ഡി.എഫാണ്. തൃശൂരില്‍ യുഡിഎഫിന്റെ വോട്ടാണ് ബി.ജെ.പിയിലേക്ക് പോയത്. ഇപ്പോള്‍ ആടിനെ പട്ടിയാക്കുന്ന രീതിയാണ് നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം എം.ആര്‍ അജിത് കുമാര്‍, ആര്‍.എസ്.എസ് കൂടിക്കാഴ്ച അന്വേഷിക്കുമെന്ന് എല്‍.ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.