കാസർകോട്: മുളിയാർ കോട്ടൂർ വളവിന് സമീപം മൂന്ന് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. എഴുപേർക്ക് പരിക്കേറ്റു. മടിക്കേരി കുടക് സ്വദേശികളായ അംസൂ, ഭാര്യ ഫസീല, മക്കളായ അഫ, സുഹ, ഉമ്മു സാനിയ, കാഞ്ഞങ്ങാട് സ്വദേശികളായ പ്രകാശൻ ഭാര്യ സന്തോഷ് കുമാരി എന്നിവർക്കാണു പരിക്കേറ്റത്. അപകടത്തിൽ മൂന്ന് കാറുകളും തകർന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ചെർക്കള ജാൽസൂർ അന്തർ സംസ്ഥാന പാതയിലെ കോട്ടൂർ അപകടവളവിലാണ് അപകടം. മുള്ളേരിയ ഭാഗത്ത് നിന്നും വന്ന കാഞ്ഞങ്ങാട് സ്വദേശികളുടെ ഡസ്റ്റർ കാർ നിയന്ത്രണം വിട്ട് ബോവിക്കാനം ഭഗത്ത് നിന്നും വന്ന മടിക്കേരി സ്വദേശികളുടെ കാറിൽ ഇടിക്കുകയായിരുന്നു. ഇതിനുപിന്നാലെ വന്ന ആദൂർ പള്ളം സ്വദേശികൾ സഞ്ചരിച്ച കാർ മടിക്കേരി സ്വദേശികൾ സഞ്ചരിച്ച കാറിൽ ഇടിച്ചു. അപകടത്തിൽ പരുക്കേറ്റ അഞ്ചു പേരെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലും മറ്റു രണ്ടു പേരെ ചെങ്കളയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.