കാസര്‍കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്‍ഫ്‌ളുവന്‍സ പനി പടരുന്നതായി റിപ്പോര്‍ട്ട്. കാസര്‍കോട് ജില്ലയിലെ പടന്നക്കാട് കാര്‍ഷിക കോളേജില്‍ മുപ്പതോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിള്‍ ശേഖരണത്തില്‍ ഒന്‍പത് പേര്‍ക്ക് ഇന്‍ഫ്‌ളുവന്‍സാ എ വിഭാഗത്തില്‍പ്പെട്ട പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനയിലാണ് സ്ഥിരീകരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നീ വിഭാഗത്തില്‍പ്പെട്ട വൈറസുകളാണ് പനിക്ക് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ ഒരു കുട്ടിക്ക് കൂടി എച്ച് 1 എന്‍ 1 ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. പനി ബാധിച്ച് ആശുപത്രിയെ സമീപിക്കുന്ന രോഗികളുടെ എണ്ണം കൂടി വരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ചികിത്സ ഉറപ്പാക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.ഏവി രാംദാസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ഉടനെ ജില്ലാ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ടീം അവിടെ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി. രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കിയ എല്ലാ കുട്ടികള്‍ക്കും ഹോസ്റ്റലില്‍ തന്നെ പ്രത്യേക താമസ സൗകര്യം ഏര്‍പ്പെടുത്തുകയും ആവശ്യമായ ബോധവല്‍കരണം നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന കുട്ടികള്‍ ആണ് ഇവിടെ പഠിക്കുന്നത്.