കാസര്‍കോട്: തപാല്‍ വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം അയച്ച് പണം തട്ടുന്ന സംഘം രംഗത്തിറങ്ങി. ഇതു സംബന്ധിച്ച് കേരള പൊലീസ് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ സന്ദേശം നല്‍കി. ‘മേല്‍വിലാസം പൂര്‍ണ്ണമല്ലാത്തതിനാല്‍ പാഴ്‌സല്‍ എത്തിക്കാന്‍ സാധിക്കില്ലെന്നും പൂര്‍ണ്ണ മേല്‍വിലാസം രേഖപ്പെടുത്താന്‍ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക’ എന്ന സന്ദേശം അയച്ചാണ് സംഘത്തിന്റെ തട്ടിപ്പ് രീതി. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടുന്നതാണ് പുതിയ രീതിയെന്ന് പൊലീസ് അറിയിച്ചു.
ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ എസ്.എം.എസ് വഴിയോ ഇ-മെയിലായോ ലഭിച്ചാല്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. ഏതെങ്കിലും തരത്തില്‍ ഓണ്‍ലൈന്‍ വഴി സാമ്പത്തിക തട്ടിപ്പിനു ഇരയായാല്‍ ഒരു മണിക്കൂറിനകം വിവരം 1930 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
സാമൂഹ്യ മാധ്യമങ്ങള്‍ വഴി സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകര്‍ഷിക്കുന്ന തട്ടിപ്പും വ്യാപകമായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇ-സിംലേക്ക് മാറണോയെന്നു ചോദിച്ചു കൊണ്ടുള്ള കോളുകള്‍ വരുന്നതും വ്യാപകമായിട്ടുണ്ടെന്നും ഇ-സിം ആക്ടിവേഷന്‍ റിക്വസ്റ്റ്, ബാങ്ക് വിവരം എന്നിവ അപരിചിതര്‍ക്ക് കൈമാറാതിരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ അറിയിച്ചു. വാട്‌സ്ആപ്, ടെലഗ്രാം പോലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന അപരിചിതരില്‍ നിന്നുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുതെന്നും ഫോണിലെ മുഴുവന്‍ വിവരങ്ങളും നഷ്ടപ്പെട്ടേക്കാമെന്നും ജില്ലാ പൊലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.