തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ ചര്‍ച്ച നടത്തിയ വിഷയത്തില്‍ കടുത്ത നിലപാടുമായി സിപിഐ. കൂടിക്കാഴ്ച ദുരൂഹമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
ആര്‍.എസ്.എസും എല്‍.ഡി.എഫും ഒരു ബന്ധവുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ സുപ്രധാന പദവിയിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ആര്‍.എസ്.എസ് നേതാവുമായി ചര്‍ച്ച നടത്തിയത് നിസാരകാര്യമല്ല. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറില്‍ പോയി ചര്‍ച്ച നടത്തിയത് ഗൗരവമുള്ള കാര്യമാണ്.
എല്‍.ഡി.എഫിന്റെ ചെലവില്‍ ഒരു ഉദ്യോഗസ്ഥനും അങ്ങനെ ചര്‍ച്ച നടത്തേണ്ടതില്ല. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ എ.ഡി.ജി.പി ജനങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കണം-ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ആര്‍.എസ്.എസ് നേതാവും എ.ഡി.ജി.പിയും രഹസ്യ കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇനിയെങ്കിലും മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.