തിരുവനന്തപുരം: പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. എസ്.പി ഗുരുതരമായ ചട്ടലംഘനം നടത്തിയിരുന്നുവെന്ന് ഡിജിപി വ്യാഴാഴ്ച റിപ്പോർട്ട് നൽകിയിരുന്നു. ഗുരുതരമായ ചട്ടലംഘനം നടത്തി എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എംഎൽഎ പിവി അന്‍വര്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണം വിവാദമായതിന് പിന്നാലെയാണ് നടപടി. എഡിജിപി ക്കെതിരെയുള്ള ആരോപണങ്ങളും മറ്റ് എസ് പി മാരെ കുറിച്ച് നടത്തിയ വിവാദ പ്രസ്താവനകളും ഗുരുതരമായ ചട്ടലംഘനം ആണെന്ന് കണ്ടെത്തി. സുജിത് ദാസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. മലപ്പുറം മുന്‍ എസ് പി ആയിരുന്നു സുജിത് ദാസ്. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയില്‍നിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്പിക്കു പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അന്‍വറിനെ സുജിത് ദാസ് ഫോണില്‍ ബന്ധപ്പെട്ടത്. ജില്ലാ പൊലീസ് അസോസിയേഷന്‍ യോഗത്തില്‍, എസ് ശശിധരനെതിരെ നടത്തിയ അതിരൂക്ഷ വിമര്‍ശനത്തിനു പിവി അന്‍വറിനെ സുജിത് ദാസ് അഭിനന്ദിക്കുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്. വീഡിയോ വിവാദമായതിന് പിന്നാലെ സുജിത് ദാസിനെ സ്ഥലം മാറ്റിയിരുന്നു. മരം മുറി കേസിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയോട് കാലു പിടിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്. ഇത് സേനയുടെ അന്തസ്സ് ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.