മലപ്പുറം: മലപ്പുറം മുന്‍ എസ്.പിയായിരുന്ന സുജിത്ദാസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. എസ്.പിയായിരുന്ന സുജിത് ദാസും എസ്.എച്ച്.ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. എസ്.പി സുജിത്ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തു. പരാതി പറയരുതെന്നും മുഖ്യമന്ത്രി തന്റെ അങ്കിളാണെന്നും പറഞ്ഞു.
രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോള്‍ കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥന്‍ കൂടി കൂടെ ഉണ്ടായിരുന്നു. അയാള്‍ക്കു കൂടി വഴങ്ങണമെന്നു ആവശ്യപ്പെട്ടുവെങ്കിലും സമ്മതിച്ചില്ല-വീട്ടമ്മ നടത്തിയ വെളിപ്പെടുത്തലില്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്പാണ് സംഭവം. പരാതിയുമായി രണ്ടു തവണ സുജിത്ത്ദാസിനെ കണ്ടിരുന്നു. കുട്ടിയെ കൂടാതെ തനിച്ചുവരാനായിരുന്നു എസ്.പി.യുടെ ആവശ്യം. പിന്നീട് കോട്ടയ്ക്കലിലെ ഒരു വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി പീഡിപ്പിച്ചുവെന്നു വീട്ടമ്മ വെളിപ്പെടുത്തി. വീട്ടമ്മ നടത്തിയത് വെറും ആരോപണം മാത്രമാണെന്നും പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നും കുടുംബം പോലും തകര്‍ക്കാനാണ് ശ്രമമെന്നും മുന്‍ എസ്.പി സുജിത്ദാസ് പ്രതികരിച്ചു. ആരോപണത്തിനെ നിയമപരമായി നേരിടും. ക്രിമിനല്‍ കേസ് നല്‍കും. 2022ല്‍ തന്റെ ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ ഉണ്ട്. പൊലീസിനെതിരെ നിരന്തരമായ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ ആരോപണവുമായി രംഗത്തു വന്നിട്ടുള്ളതെന്നും സുജിത് ദാസ് വ്യക്തമാക്കി.
പി.വി അന്‍വര്‍ നടത്തിയ ആരോപണങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഷനിലാണ് സുജിത് ദാസ്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരിക്കെയാണ് സസ്‌പെന്‍ഷനിലായത്.
