കാസര്‍കോട്: പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക വിഭാഗമേഖലയില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കുതടയുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒആര്‍ കേളു പറഞ്ഞു. വകുപ്പുകളുടെ ജില്ലാതല അവലോകനയോഗത്തിനുശേഷം കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോട് ജില്ലയില്‍ പട്ടികവര്‍ഗ്ഗ പട്ടികജാതി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ നിന്ന്
കൊഴിഞ്ഞു പോകുന്നത് തടയാന്‍ പ്രത്യേക നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് പരിശോധിക്കാന്‍
വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എസ് സി എസ് ടി പ്രമോട്ടര്‍മാര്‍ ആഴ്ചയില്‍ നാലുദിവസം കോളനികള്‍ സന്ദര്‍ശിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങള്‍ അധിവസിക്കുന്ന മേഖലയില്‍ പേര് മാറ്റുന്നതിന് നിയമവും ചട്ടവും ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും ഇതില്‍ ചില നിയമപ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. എം രാജഗോപാലന്‍ എംഎല്‍എ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.