കാസര്‍കോട്: കഞ്ചാവ് വില്‍പ്പനക്കായി ബൈക്കില്‍ കറക്കം. രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേരെ ചന്തേര പൊലീസ് പിടികൂടി. പടന്ന ആലക്കാല്‍ ഹൗസില്‍ റാത്തിക്ക് (52), പടന്ന തെക്കേ പുറത്തെ സുഹറാ മന്‍സിലില്‍ നൂറ് മുഹമ്മദ് (42) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ഒന്‍പതരയോടെ പടന്ന ബാങ്ക് ജംഗ്ഷനില്‍ വച്ചാണ് സംഘത്തെ പൊലീസ് കണ്ടത്. എസ്‌ഐ കെപി സതീശനും സംഘവും പെട്രോളിങ് നടത്തുന്നതിനിടയില്‍ സംശയകരമായി കാണപ്പെട്ട ബൈക്ക് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ ടാങ്കില്‍ സൂക്ഷിച്ച നിലയില്‍ 1.995 കിലോ കഞ്ചാവ് കണ്ടെത്തിയത്. വില്‍പനക്ക് കൊണ്ടുവന്നതാണെന്ന് ഇരുവരും പൊലീസിന് മൊഴി നല്‍കി. എസ്ഐ എം സുരേശന്‍, എ.എസ്.ഐ ലക്ഷ്മണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത്, ഡ്രൈവര്‍ സുരേഷ് എന്നിവരും പട്രോളിങ് സംഘത്തിലുണ്ടായിരുന്നു.