കാസര്‍കോട്: മേല്‍പ്പറമ്പ്, കീഴൂര്‍ മത്സ്യബന്ധന ഹാര്‍ബറില്‍ കാണാതായ പ്രവാസി യുവാവിനെ കണ്ടെത്താന്‍ നേവി ടീം തെരച്ചില്‍ തുടങ്ങി. ചെമ്മനാട് കല്ലുവളപ്പില്‍ സ്വദേശിയായ മുഹമ്മദ് റിയാസിനെ ശനിയാഴ്ചയാണ് കടലില്‍ കാണാതായത്. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന്റെ ആവശ്യപ്രകാരമാണ് നേവിയുടെ സ്‌കൂബ ടീം വ്യാഴാഴ്ച രാവിലെ കീഴൂരിലെത്തി തെരച്ചില്‍ ആരംഭിച്ചത്.അതേ സമയം ഫിഷറീസ് വകുപ്പിന്റെ പട്രോളിംഗ് ബോട്ട് രാവിലെ കീഴൂര്‍ അഴിമുഖത്തു നിന്നു തലശ്ശേരി ഭാഗത്തേക്ക് തെരച്ചില്‍ ആരംഭിച്ചു. കടലിന്റെ ഒഴുക്ക് തെക്കു ഭാഗത്തേക്കാണെന്നു കഴിഞ്ഞ ദിവസം തെരച്ചലിനു എത്തിയ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാപെ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ബോട്ടു വഴിയുള്ള പട്രോളിംഗ് ആരംഭിച്ചത്. റിയാസിനെ കാണാതായ വിവരം പുറത്തുവന്നതു മുതല്‍ പൊലീസും ഫയര്‍ഫോഴ്‌സും രംഗത്തുണ്ട്