ഹൃതിക് റോഷന്‍ സിനിമയായ ‘ധൂം 2’ വിനെ അനുസ്മരിപ്പിക്കും വിധമുള്ള മോഷണ ശ്രമമാണ് മധ്യപ്രദേശിലെ ഭോപ്പാലിലുള്ള സ്റ്റേറ്റ് മ്യൂസിയത്തില്‍ നടന്നത്. ടിക്കറ്റ് എടുത്ത് മ്യൂസിയത്തില്‍ കയറിയ കള്ളന് മ്യൂസിയത്തിനകത്തെ സര്‍ണം കണ്ടപ്പോള്‍ കണ്ണു മഞ്ഞളിച്ചു. തുടര്‍ന്ന് സ്റ്റെപ്പിന്റെ അടിയില്‍ ഒളിച്ചിരുന്ന് കയ്യില്‍ കിട്ടിയ സാധനങ്ങളെല്ലാം സഞ്ചിയിലാക്കി. എന്നിട്ട് മതില്‍ ചാടി കടന്ന് രക്ഷപ്പെടാനായിരുന്നു ശ്രമം. പക്ഷെ 25 അടി ഉയരമുള്ള മതിലില്‍ നിന്നുമുള്ള ചാട്ടം പിഴച്ചു. കള്ളന്‍ മ്യൂസിയം കോമ്പൗണ്ടിനകത്തേക്ക് തന്നെ വീണു. രാവിലെ മ്യൂസിയം തുറന്നപ്പോള്‍ പുരാവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ചില്ലുകൂടുകള്‍ തകര്‍ന്നു കിടക്കുന്നതായി കണ്ടെത്തി. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ട്ടപ്പെട്ടിരിക്കുന്നുവെന്നും മനസിലായി. ജീവനക്കാര്‍ മ്യുസിയത്തിന്റെ പരിസരം പരിശോധിച്ചപ്പോള്‍ മതിലിനരികില്‍ ഒരാള്‍ വീണു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി നോക്കിയപ്പോള്‍ 15 കോടി രൂപയോളം മൂല്യം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും മറ്റ് മൂല്യമുള്ള പുരാവസ്തുക്കളും സഞ്ചിക്കുള്ളില്‍ കണ്ടെത്തി. വിനോദ് യാദവ് എന്ന ആളാണ് മോഷണശ്രമത്തിനിടെ പൊലീസ് പിടിയിലായത്. തന്റെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനാണ് താന്‍ മോഷണം നടത്തിയതെന്നാണ് വിനോദ് യാദവ് പൊലീസിനോട് പറഞ്ഞത്. പക്ഷെ വിനോദിന് അനധികൃത പുരാവസ്തു വില്‍പ്പന സംഘവുമായി ബന്ധമുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. ഈ മോഷണ ശ്രമം വിജയിച്ചിരുന്നുവെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ മ്യുസിയം മോഷണങ്ങളില്‍ ഒന്നാകുമായിരുന്നുവെന്നും മ്യൂസിയത്തില്‍ വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലെന്നും പൊലീസ് പറഞ്ഞു.