കണ്ണൂര്‍: ബേക്കറി ഉടമയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് അവശനാക്കി ഒന്‍പതു ലക്ഷം രൂപ കൊള്ളയടിച്ച ശേഷം റോഡരുകില്‍ ഉപേക്ഷിച്ചു. അക്രമത്തില്‍ പരിക്കേറ്റ കണ്ണൂര്‍, ചക്കരക്കല്‍, ഇരിവേരി ബിസ്മില്ല മന്‍സിലിലെ റഫീഖി(45)നെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബംഗ്‌ളൂരുവിലെ ബേക്കറി ഉടമയാണ് റഫീഖ്. ബംഗ്‌ളൂരുവില്‍ നിന്നുള്ള ബസില്‍ നിന്നു എത്തിയ റഫീഖ് കമാല്‍ പീടികയില്‍ ആണ് ഇറങ്ങിയത്. ഈ സമയത്ത് മുഖം മൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം റഫീഖിനെ ബലമായി കാറില്‍ കയറ്റി. കാറിനകത്തു വച്ച് ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൈവശം ഉണ്ടായിരുന്ന ഒന്‍പതുലക്ഷം രൂപ കൈക്കലാക്കി. അതിനു ശേഷം കാപ്പാട്ടെ വിജനമായ സ്ഥലത്ത് തള്ളിയ ശേഷം സംഘം രക്ഷപ്പെട്ടു. അക്രമികള്‍ പോയ ശേഷം റഫീഖ് സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചാണ് വിവരം അറിയിച്ചത്. സുഹൃത്തുക്കളെത്തി ആശുപത്രിയിലെത്തിച്ചു. അക്രമത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. സംഭവത്തില്‍ ചക്കരക്കല്‍ എസ്.ഐ സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്താന്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്.