കാസർകോട്: കീഴൂർ ഹാർബറിന് സമീപം മീൻപിടുത്തത്തിനിടെ കാണാതായ റിയാസിനെ അഞ്ചാം ദിവസവും കണ്ടെത്താനായില്ല. തിരച്ചിലിനായി ഇന്ത്യൻ നേവിയുടെ സ്ക്യൂബ ഡൈവിങ് ടീമിന്റെ സഹായം തേടി. കീഴൂർ മുതൽ തലശേരി വരെ ഒരു ഷിപ്പും തിരിച്ചു തലശേരി മുതൽ കീഴൂർ വരെ മറ്റൊരു ഷിപ്പും തിരച്ചിൽ നടത്തും. നേവിയുടെ സ്കൂബ ഡൈവിംഗ് ടീം വ്യാഴാഴ്ച രാവിലെ കാസർകോട് എത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിനെ ചൂണ്ടയിടുന്നതിനിടെ കാണാതായത്. തുടർന്ന് റവന്യു വകുപ്പും പൊലീസും ഫയർഫോഴ്സും കോസ്റ്റൽ പൊലീസും ഫിഷറീസ് വകുപ്പും നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തി വരികയാണ്. മഴയെയും അടിയോഴുക്കിനെയും അവഗണിച്ചു തിരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപേയും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. അഞ്ചു ദിവസം പിന്നിട്ടിട്ടും റിയാസിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നേവിയുടെ സഹായം തേടിയത്.