കാസര്‍കോട്: കാഞ്ഞങ്ങാട് നാലാംക്ലാസുകാരിയെ ക്രൂരമായി ചൂരല്‍കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച ട്യൂഷന്‍ അധ്യാപികക്കെതിരെ കേസ്. അജാനൂരിലെ സൂര്യ(22)ക്കെതിരേയാണ് ഭാരതീയ ന്യായസംഹിത 118 (1) വകുപ്പ് ഉള്‍പ്പെടുത്തി വടി കൊണ്ടടിച്ചതിന് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെ കുട്ടിയുടെയും വീട്ടുകാരുടെയും വിശദമായ മൊഴിയെടുത്ത ശേഷമാണ് പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. കാഞ്ഞങ്ങാട് തീരദേശ ഗ്രാമത്തിലെ ഒന്‍പതുവയസ്സുകാരിയെയാണ് ഞായറാഴ്ച അധ്യാപിക ചൂരല്‍കൊണ്ട് അടിച്ചത്. വൈകീട്ട് നാലിന് ട്യൂഷന് പോയ കുട്ടി തിരിച്ചുവന്നത് ദേഹമാസകലം പരിക്കേറ്റ നിലയിലായിരുന്നു. വലതുകൈ ഉയര്‍ത്താന്‍ പറ്റാത്തത്രയും വേദനയായിരുന്നുവെന്നു കുട്ടിയുടെ മാതാവ് പൊലീസീനോട് പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ പരി ശോധിച്ചപ്പോഴാണ് കുട്ടിയുടെ വലതുകൈയുടെ പെരുവിരല്‍ ചതഞ്ഞിട്ടുണ്ടെന്ന് വ്യക്തമായത്. വിരല്‍ പ്ലാസ്റ്ററിട്ടിരിക്കുകയാണിപ്പോള്‍. ഹൊസ്ദുര്‍ഗ് പൊലീസിന് പുറമ ബാലാവകാശ കമ്മിഷനും മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75-ാം വകുപ്പും ഉള്‍പ്പെടുത്തിയാണ് പൊലീസ് കേസെടുത്തത്.