കാസർകോട്: ബാലസാഹിത്യത്തിനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഈ വർഷത്തെ ജോസഫ് മുണ്ടശ്ശേരി സ്‌മാരക സാഹിത്യ പുരസ്‌കാരം സുരേന്ദ്രൻ കാടങ്കോടിന്. സുരേന്ദ്രന്റെ ‘കുഞ്ഞുണ്ണിയുടെ മീൻകുഞ്ഞുങ്ങൾ’ എന്ന കൃതിയാണ് അവാർഡിനായി തിരഞ്ഞെടുത്തത്. 10,000രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് പത്തനംതിട്ട കോഴഞ്ചേരി തെക്കേമല മാർ ബസ്ഹാനനിയ ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്യും.ചെറുവത്തൂർ കാടങ്കോട് സ്വദേശിയായ സുരേന്ദ്രൻ ചെറുവത്തൂർ ഗവ.ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനാണ്. ആനുകാലികങ്ങളിൽ കവിത, കഥ, പഠനങ്ങൾ എന്നിവ എഴുതുന്ന സുരേന്ദ്രൻ്റെ ആദ്യ ബാലസാഹിത്യ കൃതിയാണ് കുഞ്ഞുണ്ണിയുടെ മീൻകുഞ്ഞുങ്ങൾ. കുഞ്ഞുണ്ണിയുടെ മീൻകുഞ്ഞുങ്ങൾ മുതൽ കഥ തേടിപ്പോയ കുട്ടികൾവരെയുള്ള 11കഥകളാണ് കൃതിയിലുള്ളത്. നാട്ടു ഭാഷയിൽ ലാളിത്യത്തോടെ എഴുതിയ കഥകൾ പ്രകൃതി പഠനത്തിനുള്ള ഒരു കൈപ്പുസ്‌തകം കൂടിയാണ്. വയലോർമ്മ, ഐസുവണ്ടിക്കാരൻ, കടലിനും കവിക്കുമിടയിൽ എന്നിവ സുരേന്ദ്രന്റെ കവിതാ സമാഹാരങ്ങളാണ്. സൗമ്യയാണ് ഭാര്യ. അലൻ, നിവേദ്, നക്ഷത്ര എന്നിവരാണ് മക്കൾ.