കാസര്‍കോട്: രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ആളെ മണിക്കൂറുകള്‍ക്കം കാസര്‍കോട്ട് വച്ച് അറസ്റ്റു ചെയ്തു. എറണാകുളം, പറവൂര്‍ തത്തിപ്പള്ളം, മാട്ടുവയക്കര, കണ്ടത്തില്‍ ഹൗസിലെ അനീഷ് കുമാറി(49)നെയാണ് കാസര്‍കോട് റെയില്‍വെ പൊലീസ് എസ് ഐ മാരായ റജികുമാര്‍, സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി 12 മണിയോടെ ഗാന്ധിധാം-നാഗര്‍കോവില്‍ എക്സ്പ്രസില്‍ വച്ചാണ് കുട്ടിയുമായി ഇയാളെ അറസ്റ്റു ചെയ്തത്. ശനിയാഴ്ച വൈകുന്നേരമാണ് കങ്കനാടിയിലെ രണ്ടുവയസുള്ള പെണ്‍കുട്ടിയെ കാണാതായത്. വീട്ടുകാര്‍ ഉടന്‍ തന്നെ കങ്കനാടി പൊലീസിനെ അറിയിച്ചു. കുട്ടിയെ ആരെങ്കിലും തട്ടികൊണ്ടു പോയിരിക്കാമെന്ന സംശയത്തെ തുടര്‍ന്ന് മംഗളൂരുവിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കാസര്‍കോട് പൊലീസിലും വിവരം കൈമാറി. കുട്ടിയെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നതിനിടയിലാണ് ഗാന്ധിധാം എക്സ്പ്രസ് കാസര്‍കോട്ടെത്തിയത്. റെയില്‍വെ പൊലീസും ആര്‍പിഎഫും ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെയും അനീഷ് കുമാറിനെയും കണ്ടെത്തിയത്. വിവരമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ അധികൃതരും സ്ഥലത്തെത്തി മൊഴിയെടുത്തു. തൊട്ടു പിന്നാലെ കങ്കനാടി പൊലീസ് കാസര്‍കോട്ടെത്തി പ്രതിയെയും കുട്ടിയെയും മംഗളൂരുവിലേയ്ക്ക് കൊണ്ടുപോയി. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. റെയില്‍വെ പൊലീസ് സംഘത്തില്‍ എ എസ് ഐ വേണുഗോപാല്‍, പൊലീസുകാരായ സനന്‍, പ്രദീപ് കുമാര്‍, ആര്‍.പി.എഫ് എ.എസ്.ഐമാരായ വിനോദ്, രാജീവന്‍, പ്രഭാകരന്‍, ശ്രീരാജ് എന്നിവരും ഉണ്ടായിരുന്നു.








