തിരുവനന്തപുരം: താന്‍ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ കാരണങ്ങളാല്‍ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും അദ്ദേഹം പറഞ്ഞു. ദൗര്‍ഭാഗ്യകരമായ കാര്യങ്ങളില്‍ പ്രതികരിക്കേണ്ടി വന്നതില്‍ വേദനയുണ്ട്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനുള്ള വൈമുഖ്യം അറിയിച്ചിരുന്നു. അഭിഭാഷകരും സിനിമയിലെ തലമുതിര്‍ന്ന ആളുകളുമായി സംസാരിച്ചതിന് ശേഷമാണ് പ്രസിഡന്റ് പദവിയില്‍ നിന്ന് പിന്മാറിയത്. നിലവിലെ വിവാദങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് സിനിമാ മേഖല മുഴുവനാണ്. സിനിമാ മേഖല തകര്‍ന്നാല്‍ ഒരുപാടുപേര്‍ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരും. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സംഘടന വേണം. നിയമനിര്‍മ്മാണം ഉണ്ടാക്കണം. സിനിമ സമൂഹത്തിന്റെ ഭാഗം. മറ്റെല്ലാ ഭാഗത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കുന്നു. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതം ചെയ്യന്നുവെന്നും മോഹന്‍ലാല്‍ തുറന്നു പറഞ്ഞു. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റികള്‍ ഉണ്ടാകണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.