ന്യൂഡൽഹി: വൈശാലി, ഞാൻ ഗാനഗന്ധർവൻ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പരിചിതയായ നടിയാണ് സുപർണ്ണ ആനന്ദ്. മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോർട്ടും, താരങ്ങളുടെ പീഡന വിവരവും അറിഞ്ഞ നടി പഴയ അനുഭവം മാധ്യമങ്ങളോട് പങ്കുവെച്ചു. മലയാള സിനിമ മേഖലയിൽ നിന്നും തനിക്കും മോശമായ അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് സുപർണ്ണ പ്രതികരിച്ചു. സിനിമയിൽ വനിതകൾ വലിയ പ്രയാസം നേരിടുന്നുണ്ട്. വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവമായതിനാൽ അതിനെക്കുറിച്ച് പരാതി പറയാൻ തയ്യാറല്ല. എന്നിരുന്നാലും പീഡനക്കേസിൽ പ്രതിയായ നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ട് മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും പ്രതികരിക്കുന്നില്ല എന്നാണ് അവർ ചോദിക്കുന്നത്. സിനിമയിലെ പ്രയാസമുള്ള അനുഭവങ്ങൾ കാരണം സിനിമ ഉപേക്ഷിക്കേണ്ടി വന്നു. സമ്മർദ്ദങ്ങൾക്ക് നിന്നു കൊടുക്കാൻ സാധിക്കാത്തത് കൊണ്ടാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നത്. കാസ്റ്റിംഗ് കൗച്ച് ഉൾപ്പെടെയുള്ള പ്രവണതകൾ നേരത്തെ സിനിമയിൽ ഉണ്ടായിട്ടുണ്ട്. ഉപദ്രവിച്ച നടന്മാരുടെയും നിർമ്മാതാക്കളുടെയും പേര് പറയാൻ നടിമാർ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. പരാജയം ആയതുകൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജിവെക്കേണ്ടി വന്നതെന്നും അവർ കൂട്ടിച്ചേർത്തു.