പതിവുള്ള കട്ടനും കുടിച്ച്, ചാരുകസേരയില്‍ നിവര്‍ന്നിരിക്കുന്ന ഒരു പ്രഭാതം.
പൊടുന്നനെ എനിക്കൊരു ഫോണ്‍ കോള്‍ വന്നു.
‘നിങ്ങളുടെ ആദ്യ ഭാര്യ മരിച്ചു പോയി.’ മുഖവുരയേതുമില്ലാതെ അയാള്‍ പറഞ്ഞു നിര്‍ത്തി.
വല്ലാത്തൊരു ഞെട്ടലായിരുന്നു,എനിക്കാ വാര്‍ത്ത സമ്മാനിച്ചത്.
ഇത്ര പെട്ടന്ന്…
ഒട്ടും പ്രതീക്ഷിച്ചതേയില്ല.
സത്യത്തില്‍ ആരായിരുന്നു എനിക്കവള്‍.
ഒഴിഞ്ഞു പോയ ആദ്യ ഭാര്യയെന്ന പദവി മാത്രമാണോ ഞങ്ങള്‍ തമ്മിലുള്ളത്.
അല്ല, അതിനപ്പുറം എനിക്കുമവള്‍ക്കും ഒരാത്മബന്ധമുണ്ട്.
അവള്‍ സംസാരിക്കാന്‍ ഒരു മടിച്ചിയായിരുന്നു.
എന്നാലും എന്നെക്കണ്ടാല്‍ പിന്നെ അവള്‍ക്ക് നൂറ് നാവാണ്.
‘ഇച്ചാ നമുക്ക് കാടിക്കുഴി കളിക്കാ’,ഇച്ചാ നമുക്ക് കൊച്ചംമാടി കളിക്കാ’, ഇച്ചാ നമുക്ക് കൊത്തംകല്ല് കളിക്കാ’
അവളുടെ വീട്ടില്‍ ചെന്നാല്‍ സ്ഥിരമായി ഞാന്‍ കേള്‍ക്കുന്ന അവളുടെ വാക്കുകള്‍ ഇതൊക്കെയായിരുന്നു.
അവള്‍ക്ക് കൂട്ടുകാരോടൊപ്പം കളിക്കാന്‍ വല്ലാത്ത ഇഷ്ടമായിരുന്നു.
ഞാന്‍ ചെന്നാല്‍ പിന്നെ സദാ എന്റെ പിന്നാലെയാണവള്‍.
കുസൃതികാട്ടിയും പിണങ്ങിയും പിണക്കിയും എനിക്ക് ചുറ്റുമിങ്ങനെ കറങ്ങി കൊണ്ടിരിക്കും.
ഏഴെട്ടു വയസ്സുവരെ കളിച്ചും ചിരിച്ചും, പിച്ചിയും മാന്തിയും തമ്മില്‍ തല്ലിയതുമൊക്കെ. മറക്കാതെ ഇന്നും മനസ്സിലുണ്ട്.
കാപട്യമില്ലാത്ത കുഞ്ഞുമനസ്സുകളുടെ കളിചിരികളായിരുന്നു അതൊക്കെ.
അതിനിടയില്‍ കാലം പെട്ടെന്ന് കടന്നുപോയി. വളരുന്നതനുസരിച്ച് തിരക്കുകള്‍ കൂടി. മാറ്റങ്ങള്‍ അനവധിയുണ്ടായി.
അതോടെ ഞങ്ങള്‍ തമ്മില്‍ കാണാതെയുമായി. അമ്മാവന്റെ മകളാണെങ്കിലും ബാല്യകാലത്തെ സ്വാതന്ത്ര്യം പിന്നീട് നിഷേധിക്കപ്പെട്ടു. തമ്മില്‍ കാണുന്നതിന് വിലക്കുകളുണ്ടായി. കാരണം അമ്മാവന്‍ കടുത്ത മതയാഥാസ്ഥിതികനായിരുന്നു.
അത് കൊണ്ട് തന്നെ പലതും അവള്‍ക്ക് നിഷേധിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം അവളെ പഠിപ്പിച്ചില്ല.
പെണ്‍കുട്ടികള്‍ പുറത്തിറങ്ങിയാല്‍ പിഴച്ചു പോകുമെന്ന ധാരണയായിരുന്നു അദ്ദേഹത്തിന്.
അതിനെ ചോദ്യം ചെയ്യാനുള്ള കരുത്തൊന്നും അവള്‍ക്കില്ലായിരുന്നു.
അവള്‍ക്കെന്നല്ല അതേ രീതി പാലിച്ചു പോകുന്ന കുടുംബനാഥന്മാരുള്ള എല്ലാവീട്ടിലും ഇത് തന്നെയായിരുന്നു സ്ഥിതി.
പിന്നെ എന്റെ ഈ പറഞ്ഞ അമ്മാവന്‍ അത്യാവശ്യം മോശമല്ലാത്ത സമ്പത്തിന്റെ ഉടമയുമായിരുന്നു.
അല്‍പം സ്വാര്‍ത്ഥമതിയും. അത് കൊണ്ട് തന്നെ താന്‍ ഉണ്ടാക്കിയെടുത്ത സമ്പാദ്യം പുറത്ത് പോവരുത് എന്നൊരു പിടിവാശിയും അദ്ദേഹത്തിനുണ്ടായിരുന്നു. മക്കളൊക്കെ വിവാഹിതരായി. അതില്‍ ഇളയവളായ എന്റെ കളികൂട്ടുകാരി മാത്രം ബാക്കിയുള്ളൂ.
ആ സമയത്ത് ഞങ്ങള്‍ തമ്മിലുള്ള കുടുംബ ബന്ധം കൂടുതല്‍ ദൃഢതയുള്ളതാക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
മുമ്പുള്ളതിനേക്കാളും കുടുംബ വീട്ടിലേക്ക് വരാനും സൗഹൃദം നിലനിര്‍ത്താനും അമ്മാവന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
അദ്ദേഹം സ്ഥലത്തെ പ്രമാണിയായ കച്ചവടക്കാരനാണ്. എങ്കില്‍ പോലും തറവാടിലേക്കെത്താന്‍ നല്ല ദൂരമുണ്ടെങ്കിലും നടന്നിട്ടേ വരു. അതിനെ കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ പഴയ നാട്ടുകാരെയും സുഹൃത്തുക്കളെയും കണ്ട് സംസാരിക്കാന്‍ നടന്നുവന്നാലെ സാധിക്കൂ എന്നാണ് അമ്മാവന്റെ ന്യായം. സംഭവം അതല്ലെന്ന് എല്ലാവര്‍ക്കുമറിയാം.
നീളന്‍ കാലന്‍ കുടയുമെടുത്ത് ചുണ്ടില്‍ എരിയുന്ന ചുരുട്ടും വെച്ച് പുകയും വിട്ടുകൊണ്ട് അല്‍പം വമ്പിലാണ് ആളുടെ വരവ്. അത് കൊണ്ട് തന്നെ അമ്മാവന്‍ വരുന്ന വിവരം ചുരുട്ടിന്റെ മണം അല്‍പം ദൂരത്ത് നിന്ന് തന്നെ വിളിച്ചു പറയും.
പിന്നെ മോശം പറയരുതല്ലോ വരുമ്പോ കയ്യില്‍ കാര്യമായി കുറേ വീട്ടുസാധനങ്ങളുമുണ്ടാവും.
മൂപ്പരുടെ ലക്ഷ്യമെന്താണെന്ന്, വീട്ടുകാര്‍ക്കെല്ലാം ഊഹമുണ്ട്. ആ ഊഹം ശരി വെച്ചു കൊണ്ട് അങ്ങനെ ഒരു ദിവസം മൂപ്പരത് പുറത്ത് വിട്ടു.
‘നമുക്ക് ചെക്കന്റെ കല്യാണത്തെക്കുറിച്ച് ആലോചിക്കണ്ടെ.?
വയസ്സ് ഇരുപത്തി മൂന്ന് കഴിഞ്ഞില്ലേ. എന്റെ മോള്‍ക്കിപ്പൊ പതിനെട്ടു തികഞ്ഞു. നമുക്ക് അതിനെക്കുറിച്ചാലോചിച്ചാലോ.? മൂത്ത ആങ്ങളയോട് പിന്നെ പെങ്ങള്‍ എതിര്‍ത്തൊന്നും പറയില്ല. എന്നാലും പെങ്ങളുടെ സംശയമൊന്ന് തീര്‍ത്തു.
‘ആയിക്കോട്ടിച്ചാ അവനോട് ചേദിക്കട്ടെ.? അവനെ പെണ്ണിന് ഇഷ്ടമാവുമോ.?
‘പെണ്ണിന്റെ കാര്യം നോക്കണ്ട,അവനോട് ചോദിച്ചു നോക്ക്’ മറുപടി തല്‍സമയം കിട്ടുകയും ചെയ്തു.
പതിവ് മുട്ടച്ചായയും കുടിച്ച്, ചുരുട്ട് കത്തിച്ച് ചുണ്ടിന്മേല്‍ കോര്‍ത്ത് അമ്മാവന്‍ യാത്ര പറഞ്ഞു പോയി.
ഇതൊന്നുമറിയാതെയാണ് ഞാന്‍ വൈകിട്ട് വീട്ടിലെത്തിയത്. നോക്കുമ്പോള്‍ ഉമ്മയും ഉമ്മൂമ്മയും വളരെ സന്തോഷത്തിലാണ്. കാര്യം തിരക്കിയതോടെ, സംഗതി പുറത്തുവന്നു. ‘നിന്നോട് ഒരു കാര്യമന്വേഷിക്കാന്‍ ഇച്ച പറഞ്ഞു’
‘എന്താ കാര്യം’?’ ഇച്ചാന്റെ അവസാനത്തെ മോളുടെ കാര്യമാ ‘
‘മനസ്സിലായി’
ഉമ്മ പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ എനിക്ക് കാര്യം പിടികിട്ടി. അമ്മാവന്റെ മനസ്സില്‍ ഈ ചിന്തയുണ്ടെന്ന് ഞാന്‍ മുമ്പേ മനസ്സിലാക്കിയിരുന്നു. ‘അതാണോ ഇപ്പൊ പ്രധാനം.
അതിന് മുമ്പ് നമുക്ക് പരിഹരിക്കേണ്ടതായ എന്തൊക്കെ കാര്യങ്ങളുണ്ട് ഉമ്മാ.
പൊളിഞ്ഞുവീഴാറായ വീട്, സാമ്പത്തിക പ്രശ്നങ്ങള്‍ ഇതൊക്കെ പരിഹരിക്കേണ്ടെ.?’
ഒഴിഞ്ഞു മാറാനുള്ള ഒരു മാര്‍ഗ്ഗമായിട്ടായിരുന്നു ഞാനത് മുന്നോട്ടു വെച്ചത്.
കാരണം ആ ബന്ധത്തിന് എനിക്ക് തീരെ താല്‍പര്യമില്ലായിരുന്നു. ഒന്നിച്ചു കളിച്ചു വളര്‍ന്നവര്‍.
അടുത്ത ബന്ധുക്കള്‍. ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ പറ്റില്ലെന്ന് എന്റെ മനസ്സു പറയുന്നത് പോലെ.
പക്ഷെ പറഞ്ഞ കാരണത്തിനുള്ള പരിഹാരം അമ്മാവന്‍ അപ്പൊ തന്നെ കണ്ടെത്തി. ‘വീട് പൊളിച്ച് പുതിയത് കെട്ടിത്തരാം. ആവശ്യത്തിന് കാശും തരാം.’ മുടക്ക് പറഞ്ഞ ഉമ്മയ്ക്ക് അമ്മാവന്‍ കൊടുത്ത വാക്ക് അതായിരുന്നു.
‘ഇതാണ് മോനെ നല്ലത്’. കേട്ടപാതി ഉമ്മ വാക്കും ഉറപ്പിച്ചു. എല്ലാവര്‍ക്കും സന്തോഷം.
ഉമ്മ നിര്‍ബന്ധം പിടിച്ചപ്പോ ഞാനും സമ്മതം മൂളി. അങ്ങനെ ആറ് മാസത്തിനകം വീട് നിര്‍മ്മാണം പൂര്‍ത്തിയായി.
വിവാഹ ആവശ്യത്തിനുള്ള തുക അമ്മാവന്‍ തന്നെ ഉമ്മയുടെ കയ്യിലേല്‍പ്പിച്ചു. ലളിതമായ ചടങ്ങോടെ വിവാഹം നടന്നു.
ആദ്യരാത്രി പ്രൗഢഗംഭീരമായി ഒരുക്കിയ മണിയറയിലേക്ക് അവള്‍ കടന്നുവന്നു. പത്ത് വര്‍ഷത്തിനു ശേഷമുള്ള ആദ്യത്തെ കാഴ്ച.
(തുടരും)