ദിസ്പുർ: അസം നിയമസഭാ സമ്മേളനം വെളിയാഴ്ചകളിൽ നിർത്തി വയ്ക്കുന്ന സമ്പ്രദായം അവസാനിപ്പിച്ചു. നിയമസഭയിലെ മുസ്ലിം അംഗങ്ങൾക്കു പ്രാർത്ഥനക്കു വേണ്ടിയാണ് വെള്ളിയാഴ്ചകളിൽ നിയമസഭ സമ്മേളനപരിപാടികൾ നിറുത്തി വച്ചിരുന്നത്. സയ്യിദ് സാദുല്ല നിയമസഭാ സ്പീക്കറായിരുന്ന 1946 മുതൽ നിയമസഭ നടപടിക്രമങ്ങൾ വെള്ളിയാഴ്ചകളിൽ രാവിലെ 11.30 മുതൽ ഉച്ചക്കു ഒരു മണി വരെ നിറുത്തി വച്ചുവരികയായിരുന്നു. അടുത്തിടെ നിയമ സഭാ സ്പീക്കർ ബിശ്വജിത്ത് ഡൈമേരി ഈ കീഴ് വഴക്കം മാറ്റിക്കുറിച്ചു. സ്വീക്കറുടെ നിർദ്ദേശം റൂൾസ് കമ്മിറ്റി ഏകകണുമായി അംഗീകരിച്ചു. ഈ തീരുമാനമനുസരിച്ചു മറ്റു പ്രവൃത്തി ദിവസങ്ങളിലെന്ന പോലെ വെള്ളിയാഴ്ചകളിലും രാവിലെ 9.30 മുതൽ പതിവു പോലെ നിയമ സഭ സമ്മേളിക്കും. സമത്വതത്വം ഉയർത്തിക്കാട്ടിക്കൊണ്ടു നിയമ നിർമ്മാണ പ്രക്രിയ നവീകരിക്കാനുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമായാണ് ഈ നീക്കം. മുസ്ലിം സ്ത്രീകളുടെയും പുരുഷന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് അസം നിർബന്ധിത മുസ്ലിം വിവാഹ-വിവാഹമോചന ബിൽ അടുത്തിടെ പാസാക്കിയിരുന്നു.