കാസര്‍കോട്: ബേക്കല്‍ സബ് ഡിവിഷൻ പരിധിയിലെ താമസക്കാരനായ 52 കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സ്വാഭാവിക മരണമെന്ന നിലയില്‍ മൃതദേഹം ദഹിപ്പിച്ചതിനു ശേഷമാണ് മരണത്തില്‍ ദുരൂഹയുണ്ടെന്നു വ്യക്തമായത്. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ മരണപ്പെട്ടത്. വീട്ടില്‍ കുഴഞ്ഞു വീണുവെന്നു പറഞ്ഞാണ് മരണപ്പെട്ടയാളെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ച ശേഷം തിരിച്ചയക്കുകയായിരുന്നുവത്രെ. ഇക്കാര്യം പൊലീസില്‍ അറിയിച്ചിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കുകയും നാട്ടുകാരുടെ നേതൃത്വത്തില്‍ ദഹിപ്പിക്കുകയും ചെയ്തു. പിന്നീടാണ് സംഭവ ദിവസം വീട്ടില്‍ വലിയ ബഹളവും കയ്യാങ്കാളിയും നടന്നതായുള്ള വിവരം പുറത്തുവന്നത്. മൃതദേഹം കുളിപ്പിക്കുമ്പോള്‍ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ് മരണത്തില്‍ സംശയം ഉയര്‍ന്നത്. മരണപ്പെട്ടയാളുടെ 17കാരനായ മകനും എട്ടാം ക്ലാസുകാരിയായ ഒരു പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവത്രെ. ഈ ബന്ധത്തെ പിതാവ് ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കങ്ങള്‍ക്കിടയില്‍ ചവിട്ടേല്‍ക്കുകയായിരുന്നുവെന്നു സംസാരമുണ്ട്. വിവരം നാട്ടില്‍ ചര്‍ച്ചയായതോടെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
