കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ മാവിനക്കട്ടയില്‍ ബുധനാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ഉപ്പള സ്വദേശിയായ യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉപ്പള, സോങ്കാല്‍, പ്രതാപ് നഗര്‍, പള്ളിക്ക് സമീപത്തെ ദഫ്രീന മന്‍സിലില്‍ അബൂബക്കര്‍ മുബഷീര്‍ (20) മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രിയാണ് മരണപ്പെട്ടത്. മുബഷീര്‍ ഓടിച്ചിരുന്ന കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗള്‍ഫിലായിരുന്ന മുബഷീര്‍ ദന്ത ചികിത്സയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് നാട്ടിലെത്തിയത്. ചികിത്സ കഴിഞ്ഞ് സെപ്തംബര്‍ ആറിനു തിരികെ പോകാന്‍ ടിക്കറ്റെടുത്തിരുന്നു. മുള്ളേരിയയിലുള്ള സുഹൃത്തിനോട് യാത്ര ചോദിക്കാന്‍ പോകുന്നതിനിടയിലാണ് മുബഷീര്‍ അപകടത്തില്‍ പെട്ടത്. നാട്ടില്‍ വലിയ സുഹൃദ്ബന്ധമായിരുന്നു. മുബഷീറിന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
ഉപ്പളയിലെ ഓട്ടോ ഡ്രൈവറായ അബ്ദുല്‍ റഹ്്മാന്‍- സീനത്ത് ദമ്പതികളുടെ മകനാണ് മുബഷീര്‍. സഹോദരങ്ങള്‍:ജഫ്രീന, മഹ്റൂഫ്.