ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാരിനോട് 5 ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്

 

 

മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണെന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇതുമൂലം ഈരംഗത്തുള്ളവരെല്ലാം വഷളാകുന്ന സാഹചര്യമുണ്ടായിരിക്കുന്നതെന്ന് മലപ്പുറം പുത്തനത്താണിയില്‍ വാര്‍ത്താലേഖകരോട് അദ്ദേഹം പറഞ്ഞു.
സിനിമ രംഗത്തെ എല്ലാവരും കുഴപ്പാക്കാരാണെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയിലുണ്ടാക്കിയത് സര്‍ക്കാരിന്റെ ഈ നിലപാടാണ്. യഥാര്‍ത്ഥ കുറ്റവാളികളെ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നു. സംഭവത്തെ കുറിച്ച് സാംസ്‌കാരിക മന്ത്രിയോട് ചോദിച്ചാല്‍ ഒന്നും പറയാനില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രി ഇഷ്ടമുള്ള ചോദ്യത്തിന് മാത്രമെ മറുപടി പറയുന്നുള്ളു. ഈ പശ്ചാത്തലത്തില്‍ 5 ചോദ്യങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയോട് ചോദിച്ചു.

1. കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്നു വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം നടത്താത്തത്?

2. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 176 (1) വകുപ്പും ഭാരതീയ ന്യായ സംഹിതയുടെ 199 (സി) വകുപ്പും പോക്സോ ആക്ടിലെ 21 വകുപ്പും അനുസരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക അതിക്രമങ്ങള്‍ മറച്ചു വയ്ക്കുന്നത് കുറ്റകരമാണെന്നു ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയ്ക്ക് അറിയില്ലേ എന്നിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കുന്നില്ല?

3. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയപ്പോള്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പറഞ്ഞതിലും കൂടുതല്‍ പേജുകളും ഖണ്ഡികകളും സര്‍ക്കാര്‍ വെട്ടിമാറ്റി കൃത്രിമത്വം കാട്ടിയത് ആരെ രക്ഷിക്കാനാണ്?

4. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന കൊടും ക്രൂരതകള്‍ക്കൊപ്പം മയക്കുമരുന്നിന്റേയും മറ്റ് ലഹരി പദാര്‍ഥങ്ങളുടെയും അനിയത്രിത ഉപയോഗവും അതുണ്ടാക്കുന്ന ഭീകരാവസ്ഥയെ കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു?

5. എന്തുകൊണ്ടാണ് സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്നത്?

ഈ 5 ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരവും തീരുമാനവുമുണ്ടായാല്‍ ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page