കാസര്‍കോട്; അടുക്കത്ത് ബയല്‍, ബിലാല്‍ മസ്ജിദിനു സമീപത്തെ സി.എ മുഹമ്മദി(56)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷാവിധി നാളെ. പ്രതികളായ കൂഡ്‌ലു, ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ സന്തോഷ് നായക് എന്ന ബജെ സന്തോഷ് (37), താളിപ്പടുപ്പിലെ കെ. ശിവപ്രസാദ് എന്ന ശിവന്‍ (41), അയ്യപ്പ നഗറിലെ കെ. അജിത്കുമാര്‍ എന്ന അജ്ജു (36), അടുക്കത്ത് ബയല്‍, ഉസ്മാന്‍ ക്വാര്‍ട്ടേഴ്‌സിലെ കെ.ജി കിഷോര്‍ കുമാര്‍ എന്ന കിഷോര്‍ (40) എന്നിവരെ ഇക്കഴിഞ്ഞ ശനിയാഴ്ച കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി കെ. പ്രിയ കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു. അന്നു തന്നെ ശിക്ഷ വിധിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കുറ്റക്കാരെ കണ്ടെത്തിയ ശേഷം പ്രതികള്‍ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോള്‍ മൂന്നാംപ്രതിയായ അജിത്ത് കുമാര്‍ സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു പറഞ്ഞിരുന്നു. ഇതു കണക്കിലെടുത്താണ് വിധി പ്രസ്താവന വ്യാഴാഴ്ച്ചത്തേക്ക് മാറ്റിയത്. 2008 ഏപ്രില്‍ 18ന് ആണ് മുഹമ്മദ് കൊല്ലപ്പെട്ടത്.