കാസര്‍കോട്: മതേതരത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും മാനവികതയുടെയും പ്രതീകമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മൃതി സംഗമവും, ജീവകാരുണ്യ രംഗത്തെ മഹനീയ മാതൃകയായിരുന്ന പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി നടപ്പിലാക്കുന്ന ”ഇസാദ്-2024” പദ്ധതിയുടെ വിതരണവും ചൊവ്വാഴ്ച (ആഗസ്ത് 27) രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. എം .എസ്.എഫ് പ്രസിഡന്റ് അഹ്‌മദ് സാജു മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ പ്രഭാഷണം നടത്തും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹ്‌മദ് അലി, ജില്ലാ ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജന. സെക്ര. എ അബ്ദുറഹ്‌മാന്‍, ട്രഷറര്‍ മുനീര്‍ ഹാജി, എം.എല്‍.എ.മാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, മുസ്ലിം ലീഗ് യൂത്ത് ലീഗ്-എം.എസ്.എഫ് വനിതാ ലീഗ് കെ.എം.സി.സി ഭാരവാഹികള്‍ പങ്കെടുക്കും. പ്രവര്‍ത്തനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നൂതന പദ്ധതിയാണ് ഇസാദ് 2024.
ജില്ലയിലെ പല ഭാഗത്തും സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവരെ കണ്ടെത്തി അവരൂടെ അവശതകളില്‍ ഒരു കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന ഇസാദ് 2024 പദ്ധതിയുടെ ഭാഗമായി മാരകമായ രോഗങ്ങളിലൂടെ കടന്ന് പോകുന്ന രോഗികള്‍ക്ക് സാന്ത്വനമാകും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് കെയര്‍ പദ്ധതിയിലൂടെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും കാന്‍സര്‍, വൃക്ക രോഗം, ഹൃദ്രോഗം തുടങ്ങിയ മാരകമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന നിരാലംബരായ രോഗികള്‍ക്കും കുടുംബത്തിനും സാന്ത്വനം നല്‍കുന്ന പദ്ധതിയാണ് ഇസാദ് 2024.
ആദ്യ ഗഡുവായി പതിനഞ്ചു ലക്ഷം ലക്ഷം രൂപ 75 പേര്‍ക്കു ലഭ്യമാക്കുമെന്ന് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യാപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, ട്രഷറര്‍ ഡോ ഇസ്മായില്‍ മൊഗ്രാല്‍ അറിയിച്ചു.







