ആലപ്പുഴ: നാലു മാസം മുമ്പ് പ്രണയവിവാഹിതയായ 22കാരി തൂങ്ങി മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്‌നിഷ്യയായി ജോലി ചെയ്യുന്ന ആസിയ (22)യാണ് മരിച്ചത്. മൂവാറ്റുപുഴയില്‍ താമസിച്ചാണ് ജോലിക്ക് പോയിരുന്നത്. ആഴ്ചയില്‍ ഒരിക്കലാണ് ആലപ്പുഴയിലുള്ള ഭര്‍ത്താവ് മുനീറിന്റെ വീട്ടില്‍ ആസിയ എത്തിയിരുന്നത്. പതിവുപോലെ ശനിയാഴ്ച യുവതി ഭര്‍ത്താവിന്റെ വീട്ടിലെത്തി. ഞായറാഴ്ച വൈകുന്നേരം ഭര്‍ത്താവും വീട്ടുകാരും പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് ആസിയയെ വീട്ടിനകത്ത് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നു പറയുന്നു. അയല്‍വാസികളുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നാലു മാസം മുമ്പാണ് സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ മുനീറും ആസിയയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ഒരു മാസം മുമ്പ് പിതാവ് മരണപ്പെട്ടിരുന്നു. പിതാവിന്റെ മരണത്തില്‍ ആസിയ ദുഃഖിതയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. പിതാവിനൊപ്പമുള്ള ചിത്രങ്ങളും ആസിയ ഫേസ്ബുക്കിലിട്ട കുറിപ്പിന്റെ കൂടെയുണ്ടായിരുന്നു. ”പിതാവിന്റെ വേര്‍പാടില്‍ അതിയായ ദുഃഖമുണ്ടെന്നും പിതാവിനൊപ്പം പോകുന്നു”വെന്നുമാണ് കുറിപ്പില്‍ പറയുന്നതെന്നു പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
