തിരുവനന്തപുരം: അനുജത്തിയുമായി വഴക്കിട്ടതിനു അമ്മ അടിച്ചതില്‍ മനം നൊന്ത് കഴക്കൂട്ടത്തെ വീട്ടില്‍ നിന്നു ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ തിരുവനന്തപുരത്തെത്തിച്ചു. വിശാഖപട്ടണത്തു കണ്ടെത്തിയ പെണ്‍കുട്ടിയെ പ്രത്യേക പൊലീസ് സംഘം തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെത്തിച്ചത്. പെണ്‍കുട്ടിയെ ശിശു ക്ഷേമ സമിതി അധികൃതര്‍ ഏറ്റുവാങ്ങി. വീട്ടിലേക്ക് തിരിച്ചു പോകുന്നതിനു പെണ്‍കുട്ടി ആദ്യം താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നു പൊലീസ് കാരവല്‍ പ്രതിനിധിയോട് പറഞ്ഞു. അച്ഛനോടാണ് വലിയ ഇഷ്ടമെന്നും പഠിക്കാനേറെ ഇഷ്ടമുണ്ടെന്നും പെണ്‍കുട്ടി ശിശുക്ഷേമ സമിതി അധികൃതരോടും പൊലീസിനോടും പറഞ്ഞു.
കഴക്കൂട്ടത്തു നിന്നു പോയതിനു ശേഷം ഒരിടത്തു നിന്നും ഭക്ഷണം കഴിച്ചില്ലെന്നും പല ട്രെയിനുകളില്‍ മാറിമാറി കയറുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി ഇപ്പോള്‍.
തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനായി ശിശുക്ഷേമ സമിതി തിങ്കളാഴ്ച പ്രത്യേക സിറ്റിംഗ് നടത്തും. കുട്ടിയില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞ ശേഷം രക്ഷിതാക്കളുടെ മൊഴി രേഖപ്പെടുത്തും.
അമ്മയുമായി വഴക്കിട്ട പെണ്‍കുട്ടി ആഗസ്ത് 20ന് ആണ് വീടുവിട്ടിറങ്ങിപ്പോയത്. 36 മണിക്കൂര്‍ നേരം നടത്തിയ തിരച്ചിലിനൊടുവില്‍ വിശാഖപട്ടണത്താണ് പെണ്‍കുട്ടിയെ മലയാളി സമാജം പ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
