കണ്ണൂര്‍: രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം റോഡരുകില്‍ തള്ളാന്‍ എത്തിയവരെ തടഞ്ഞ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം; മൂന്നു പേര്‍ അറസ്റ്റില്‍. കണ്ണൂര്‍, താഴെചൊവ്വയിലെ ടി. ഷാരൂണി(26)നെയാണ് സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ എറണാകുളം, മാടച്ചേരിപ്പറമ്പില്‍ ഷിഹാസ് ഷക്കീര്‍ (35), തമിഴ്‌നാട്, തിരുനെല്‍വേലി സ്വദേശി ഷരണ്‍രാജ (35), കണ്ണൂര്‍ സിറ്റി, നാലുവയലിലെ സല്‍മാന്‍ ഫാരിസ് (30) എന്നിവരെ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തു. ഞായറാഴ്ച അര്‍ധരാത്രിയോടെ കീഴ്ത്തള്ളി, ബീവറേജസ് ഔട്ട്‌ലെറ്റിനു സമീപമാണ് സംഭവം. ടാങ്കര്‍ ലോറിയിലാക്കിയ കക്കൂസ് മാലിന്യങ്ങള്‍ റോഡരുകില്‍ തള്ളുന്നത് ശ്രദ്ധയില്‍പെട്ട ഷാരൂണിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഷാരൂണിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് മാലിന്യം തള്ളാനെത്തിയ സംഘത്തിലെ മൂന്നു പേരെ പിടികൂടിയെങ്കിലും രണ്ടു പേര്‍ രക്ഷപ്പെട്ടു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു.
