കൊച്ചി: യുവനടിയെ പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദിഖ് രാജിവച്ചു.
രാജിക്കത്ത് പ്രസിഡണ്ട് മോഹന്‍ലാലിനു ഇമെയിലായി അയച്ചു കൊടുത്തു. രാജിക്കത്ത് നല്‍കിയ കാര്യം സിദ്ദിഖും സ്ഥിരീകരിച്ചു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണ് സിദ്ദിഖ് രാജിക്കത്തില്‍ വ്യക്തമാക്കിയത്. യുവനടി രേവതി സമ്പത്താണ് കഴിഞ്ഞ ദിവസം സിദ്ദിഖിനെതിരെ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയത്. പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി വ്യക്തമാക്കിയിരുന്നു.
‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യു ഷോ കഴിഞ്ഞ് മസ്‌ക്കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ മുറിയില്‍ പൂട്ടിയിട്ടു. അവിടെ നിന്നു രക്ഷപ്പെടുകയായിരുന്നു. 2019ല്‍ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയില്‍ നിന്നു മാറ്റി നിര്‍ത്തിയതിനാല്‍ ഇപ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തതു കൊണ്ടാണ് തനിക്കുണ്ടായ ദുരനുഭവം സധൈര്യം തുറന്നു പറയുന്നത്. യുവ നടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം യുവ നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സിദ്ദിഖിനെതിരെ കേസെടുക്കുമോയെന്നാണ് സിനിമാ മേഖലയിലുള്ളവര്‍ ഉറ്റു നോക്കുന്നത്. വെളിപ്പെടുത്തല്‍ തന്നെ പരാതിയായി പരിഗണിച്ച് സിദ്ദിഖിനെതിരെ കേസുണ്ടാവുമെന്നാണ് നിയമരംഗത്തുള്ളവര്‍ പറയുന്നത്. മറ്റൊരു നടിയുടെ ആരോപണത്തിനു വിധേയനായ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനത്തു നിന്നു രാജിവയ്ക്കുമോയെന്ന ചര്‍ച്ചയും വ്യാപകമായിട്ടുണ്ട്.







