കാസര്‍കോട്: ഭാരതത്തിന്റെ ആത്മീയ ചൈതന്യവും ഒരുമയും പരിപോഷിപ്പിക്കാന്‍ കാസര്‍കോട് കൂട്‌ലു സ്വദേശികളായ രണ്ടു യുവാക്കള്‍ ഹിമാലയസാനുവില്‍ നിന്നു ശബരിമലയിലേക്കു തീര്‍ത്ഥാടന പദയാത്ര ആരംഭിച്ചു.
ഉത്തരാഖണ്ഡിലെ വിശ്വപ്രസിദ്ധമായ ബദരീനാഥ് ക്ഷേത്ര സന്നിധിയില്‍ നിന്നാണ് കൂട്‌ലുവിലെ സനത് കുമാര്‍ നായക്, സമ്പത്ത് കുമാര്‍ഷെട്ടി എന്നിവര്‍ ശബരിമലയിലേക്ക് പദയാത്ര ആരംഭിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനു ബദരിനാഥ് ക്ഷേത്രം പൂജാരിയും പയ്യന്നൂര്‍ സ്വദേശിയുമായ ഈശ്വര്‍ പ്രസാദ് റാവല്‍ജിയുടെ സാന്നിധ്യത്തിലാണ് ഇരുമുടിക്കെട്ടു നിറച്ചു ശബരിമലയിലേക്കു ഇവര്‍ വിശ്വശാന്തി സന്ദേശവുമായി തീര്‍ത്ഥാടന യാത്ര ആരംഭിച്ചത്. ഭാരതത്തിന്റെ അഖണ്ഡത ഉയര്‍ത്തിപ്പിടിക്കാനും ശബരിമല തീര്‍ത്ഥാടന പ്രചരണാര്‍ത്ഥവുമാണ് ബദരീനാഥില്‍ നിന്ന് 12 സംസ്ഥാനങ്ങളിലൂടെ 8000 കിലോമീറ്റര്‍ തീര്‍ത്ഥാടനം ഇവര്‍ നടത്തുന്നത്. ജൂണ്‍ രണ്ടിനാരംഭിച്ച കാല്‍നടയാത്ര മകരവിളക്കിന് ശബരിമലയില്‍ എത്തും. മൂന്നു മാസത്തെ യാത്രക്കിടയില്‍ 3800 കിലോമീറ്റര്‍ ഇവര്‍ സഞ്ചരിച്ചു. ഉത്തരാഖണ്ഡിലെ ബദരീനാഥില്‍ നിന്ന് അയോധ്യ (യു പി.)യില്‍ ജുലൈ 2ന് എത്തി. ജുലൈ 31ന് മധ്യപ്രദേശിലെ ഉജ്ജയിനിയിലും അവിടെ നിന്നു ആഗസ്റ്റ് 23നു ഗുജറാത്തിലെ ദ്വാരകയിലും എത്തി. ഒക്ടോബര്‍ രണ്ടിനു ഒറീസയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എത്താനാണ് പരിപാടി. അവിടെ നിന്നു ആന്ധ്രയിലെ തിരുപ്പതി വഴി തമിഴ്‌നാട്ടിലെ രാമേശ്വരത്ത് എത്താനാണ് ലക്ഷ്യം. അവിടെ നിന്നു രാമേശ്വരം, മധുരവഴി ഏഴുമാസത്തെ യാത്ര ശബരിമലയില്‍ സമാപിക്കും.
ഒരു ദിവസം ശരാശരി 40 കിലോമീറ്ററാണ് ഇവര്‍ നടക്കുന്നത്. എല്ലായിടത്തും ജനങ്ങള്‍ നല്ല സഹായവും സഹകരണവും നല്‍കുന്നു. എല്ലാ ദിവസവും യാത്ര അവസാനിപ്പിക്കുന്നതു വഴിയോരത്തു കാണുന്ന ഏതെങ്കിലും ക്ഷേത്രത്തിലായിരിക്കും. രാത്രി ക്ഷേത്ര പരിസരത്തു തന്നെ തങ്ങും.
സനത് 14-ാം തവണയാണ് ഇപ്പോള്‍ ശബരിമല തീര്‍ത്ഥാടനം നടത്തുന്നത്. സമ്പത്ത് 12-ാം തവണയും. ഇതില്‍ ഒരു പ്രാവശ്യമേ ഇവര്‍ ബസില്‍ ശബരിമല യാത്ര നടത്തിയിട്ടുള്ളൂ. ബാക്കി തീര്‍ത്ഥാടനമെല്ലാം കാല്‍നടയായിരുന്നു. 39 കാരനായ സനത്ത് കാസര്‍കോട്ടെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും ട്രാവല്‍ ഏജന്റുമാണ്. സമ്പത്തിന് 44 വയസ്സാണ്. കുഷന്‍വര്‍ക്ക് ആണ് തൊഴില്‍. ഇരുവരും അവിവാഹിതരാണ്.
തങ്ങളുടെ തീര്‍ത്ഥാടനയാത്ര വീട്ടുകാരുടെയും ബന്ധുക്കളുടെയും ആശീര്‍വാദത്തോടെയാണെന്ന് ഇരുവരും പറഞ്ഞു. നാട്ടുകാരും പ്രോത്സാഹിപ്പിച്ചു. ഭാരതത്തിന്റെ ആത്മാംശം ശബരിമലയിലുമുണ്ടെന്ന സന്ദേശം വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്ന് ഇവര്‍ സൂചിപ്പിച്ചു. പലരും ശബരിമല തീര്‍ത്ഥാടനത്തിന് ആഗ്രഹം പ്രകടിപ്പിച്ചു. തത്ത്വമസി എന്ന സന്ദേശം തികഞ്ഞ ശ്രദ്ധയോടെയാണ് ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നതെന്ന് അവര്‍ അനുസ്മരിച്ചു.
