കാസര്‍കോട്: അബുദാബിയില്‍ നിന്നു നാട്ടിലേയ്ക്ക് തിരിച്ച യുവാവിനെ കാണാതായതായി പരാതി. ബന്ധു നല്‍കിയ പരാതിയില്‍ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ബേഡകം, ഗദ്ദെമൂലയിലെ കൃഷ്ണ പ്രസാദി(26)നെയാണ് കാണാതായത്. അബുദാബിയിലെ പ്രമുഖ കമ്പനിയായ ഇത്തിയാദില്‍ ജോലിക്കാരനായ കൃഷ്ണ പ്രസാദ് ആഗസ്ത് 21ന് വൈകിട്ടാണ് നാട്ടിലേയ്ക്ക് തിരിച്ചത്. അതിനു ശേഷം എന്തു സംഭവിച്ചുവെന്നു വ്യക്തമല്ല. കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയതായി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ബന്ധുവിന്റെ കല്യാണ ചടങ്ങില്‍ പങ്കെടുക്കുന്നതിനു നാട്ടിലെത്തിയ കൃഷ്ണ പ്രസാദ് രണ്ടാഴ്ച മുമ്പാണ് തിരികെ പോയത്. രണ്ടു ദിവസം മുമ്പ് വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് നാട്ടിലേയ്ക്ക് വന്നതായുള്ള വിവരം ലഭിച്ചത്. തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
