കാസര്‍കോട്: ആള്‍മറയില്ലാത്ത കിണറില്‍ വീണ പശുവിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ചെങ്കള കപ്പള ഹൗസില്‍ ഇബ്രാഹിം എന്ന ആളുടെ പശുവാണ് കിണറില്‍ വീണത്. വെള്ളിയാഴ്ച വൈകീട്ട് പുല്ലു മേയാന്‍ കെട്ടിയിട്ട പശു നടന്നു നീങ്ങുന്നതിനിടെ കിണറില്‍ വീഴുകയായിരുന്നു.
പശുവിനെ കാണാതെ വന്നതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 20 കോല്‍ ആഴവും പത്തടിയോളം വെള്ളവുമുള്ള കിണറില്‍ കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് കാസര്‍കോട് നിന്നും സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വിഎം സതീശന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി. ആറരയോടെ സേനാംഗങ്ങള്‍ റസ്‌ക്യൂ വല ഉപയോഗിച്ച് പശുവിനെ പുറത്തെത്തിച്ചു. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ അശ്വത്, പ്രീതി പ്രകാശ്, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ ഇ പ്രസീത്, ഹോംഗാര്‍ഡ് ബുബാഷ് എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.