രാഷ്ട്രീയ ബോധം അന്നും ഇന്നും

ബാല്യകാലം മുതല്‍ ഇന്‍ക്വിലാബ് വിളി കേട്ട് വളര്‍ന്നവനാണ്. അമ്മാവന്മാര്‍ റെഡ് വളണ്ടിയര്‍മാരായി ജാഥയില്‍ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്. കുട്ടികളായ ഞങ്ങളും ചുവന്ന കടലാസ് വടിയില്‍ കെട്ടി ജാഥ നടത്തും. അത് കളിയുടെ ഭാഗമാണ്. ഞങ്ങള്‍ നാലഞ്ചു കുട്ടികളേ ഉണ്ടാവു. മുതിര്‍ന്നവര്‍ വിളിച്ചു നടന്ന മുദ്രാവാക്യം തന്നെയാണ് ഞങ്ങളും വിളിക്കുക. വിളിച്ചു കൊടുക്കുന്ന നേതാവ് ഞാനാണ്.
‘ഇന്‍ക്വിലാബ് സിന്ദാബാദ്’
‘എ.കെ.ജി സിന്ദാബാദ്’
‘ഇ.എം.എസ്. സിന്ദാബാദ്’
ഇത്രയെ അറിയൂ. നാലോ അഞ്ചോ മിനിട്ട് നീണ്ടുനില്‍ക്കുന്ന ജാഥ. ഞങ്ങളുടെ നാട്ടില്‍ ഒരു എ.കെ.ജി നാരായണനും ഇ.എം.എസ്. അമ്പുവേട്ടനും ഉണ്ടായിരുന്നു.
കുറേ കുട്ടികളെ വിളിച്ചു ചേര്‍ത്ത് കരിവെള്ളൂര്‍ മുരളി വന്ന് ബാലസംഘം രൂപീകരിച്ചതും ചില പരിപാടികള്‍ നടത്തിയതും ഓര്‍മ്മയുണ്ട്. അക്കാലത്ത് കൂക്കാനത്തുള്ളവരെല്ലാം കമ്മ്യൂണിസ്റ്റുകാരായിരുന്നു. രണ്ടു വീട്ടുകാര്‍ മാത്രമെ കോണ്‍ഗ്രസുകാരായിട്ടുണ്ടായിരുന്നുള്ളു. കച്ചവടക്കാരനായ കാരിക്കുട്ടിയേട്ടനും ഏഴിലോട്ട് രാമേട്ടനും മാത്രം.
ഓലാട്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് മത്സരിച്ചത് ഞാനും തോട്ടത്തില്‍ രാഘവനും ആയിരുന്നു. രാഘവന്‍ നാട്ടിലെ പ്രമാണിയുടെ മകനാണ്. ഞാന്‍ പാവപ്പെട്ട കുടുംബത്തില്‍ പിറന്നവനും. ഞാന്‍ തോറ്റു. രാഘവന്‍ ജയിച്ചു. ഹൈസ്‌കൂള്‍ എത്തിയപ്പോള്‍ മത്സരത്തിനൊന്നും ഞാന്‍ നിന്നില്ല. കോളേജില്‍ എത്തിയപ്പോള്‍ അല്‍പം രാഷ്ട്രീയ കാര്യങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങി. അതിനിടയില്‍ കരിവെള്ളൂര്‍ ബസാറിലെ മനോരമ ഏജന്റും സ്റ്റേഷനറി കച്ചവടക്കാരനുമായ തായി ഗോവിന്ദേട്ടന്റ പീടികയിലേക്ക് അദ്ദേഹം എന്നെ വിളിച്ചിരുത്തും കൂട്ടത്തില്‍ ഇന്നത്തെ ഡോ. എ.വി. ഭരതന്‍, ഹബീബ് റഹ് മാന്‍ എന്നിവരും ഉണ്ടാകും. ഞങ്ങളെ ഗോവിന്ദേട്ടന്‍ പറഞ്ഞ് ബോധ്യപ്പെടുത്തി മനോരമ ബാലജനസഖ്യം ഉണ്ടാക്കി. ‘കുരുവി ബാലജനസഖ്യം’ എന്ന് പേരിട്ടു. ഞാന്‍ പ്രസിഡണ്ടും ഭരതന്‍ സെക്രട്ടറിയുമായി കമ്മറ്റി രൂപീകരിച്ചു. അടുത്ത ദിവസം മനോരമയില്‍ വലിയ വാര്‍ത്ത വന്നു.’കരിവെള്ളൂരില്‍ ബാലജനസഖ്യം രൂപീകരിച്ചു’ അതിന്റെ രാഷ്ട്രീയ വശമൊന്നും എനിക്കറിയില്ലായിരുന്നു. നാട്ടില്‍ ചര്‍ച്ചയായി. അമ്മാവന്‍ കോളേജിലേക്ക് ദീര്‍ഘമായൊരു കത്തെഴുതി അയച്ചു. അതില്‍ തുടരുന്നത് ശരിയല്ല. മുതലാളിത്തത്തിന്റെ വഴിയിലൂടെ പോകുന്ന പ്രസ്തുത സംഘടനയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം എന്ന ഉപദേശമായിരുന്നു കത്തിലുണ്ടായത്. അതോടെ ബാലജനസഖ്യ പ്രവര്‍ത്തനം ഞാന്‍ നിറുത്തി.
കാസര്‍കോട് ഗവ: കോളേജിലെത്തിയപ്പോഴാണ് ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയോട് അടുക്കാന്‍ തുടങ്ങിയത്. അന്തരിച്ച മുന്‍ എം.എല്‍.എ. പി. രാഘവന്‍, മുന്‍ എം.പി. പി. കരുണാകരന്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തി. ആ കാലത്ത് കന്നട-മലയാള ഭാഷാപോര് തീവ്രമായിരുന്നു. ക്ലാസ്സ് ബഹിഷ്‌ക്കരണം, പ്രതിഷേധപ്രകടനങ്ങള്‍ ഒക്കെ നടന്നിരുന്നു. 1967 കാലഘട്ടത്തിലാണ് ഈ സംഭവം. ഞാന്‍ സെക്കന്റ് ഗ്രൂപ്പാണ് പ്രീഡിഗ്രിക്ക് എടുത്തത്. രണ്ടാം വര്‍ഷം ക്ലാസ് റപ്രസെന്റീവ് ആയി ഞാന്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം വന്നു. നോമിനേഷന്‍ കൊടുത്തു. എതിര്‍ സ്ഥാനാര്‍ത്ഥി എം.എസ്.എഫ്. കാരനായ വേറൊരു എം. അബ്ദുറഹ്‌മാനായിരുന്നു. ഇലക്ഷന്‍ നടന്നു. ക്ലാസില്‍ 80 പേരാണുണ്ടായിരുന്നത്. ഭൂരിപക്ഷം വോട്ട് എനിക്കാണ് കിട്ടിയത്. എന്നെ എടുത്തു പൊക്കി കോളേജ് വരാന്തയിലൂടെ മുദ്രാവാക്യം വിളിച്ചു നടന്നത് ഓര്‍മ്മയുണ്ട്. അങ്ങിനെ ഞാന്‍ കോളേജ് യൂണിയന്‍ കൗണ്‍സിലറായി.
കോളേജ് വിട്ട ശേഷം നാട്ടില്‍ യുവജന ഫെഡറേഷന്റെ പ്രവര്‍ത്തകനായി. വില്ലേജ് കമ്മറ്റി മെമ്പറൊക്ക ആയി.
നീലേശ്വരം ടീച്ചേര്‍സ് ട്രെയ്നിംഗ് കോഴ്സിന് ചേര്‍ന്നപ്പോള്‍ ഒന്നാം വര്‍ഷം സ്‌കൂള്‍ ഡെപ്യൂട്ടി ലീഡറും രണ്ടാം വര്‍ഷം സ്‌കൂള്‍ ലീഡറുമായി. നല്ല മത്സരമായിരുന്നു. നല്ല വാഗ്മിയായ വി.വി. ജോര്‍ജായിരുന്നു എന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് എനിക്കാണ് കിട്ടിയത്. 1969ല്‍ ഫീസ് വര്‍ദ്ധനക്കെതിരെ ക്ലാസ് ബഹിഷ്‌ക്കരിച്ച് സമരം ചെയ്യാന്‍ ഞാന്‍ നേതൃത്വം നല്‍കി. ഇത്തരം സ്ഥാപനങ്ങളില്‍ അധ്യാപകരുടെ കയ്യിലാണ് ഇന്റേണല്‍ മാര്‍ക്ക്. അവരുടെ അപ്രീതി സമ്പാദിച്ചാല്‍ മാര്‍ക്കില്‍ അത് പ്രതിഫലിക്കും. പ്രസ്തുത സ്‌കൂളില്‍ ആദ്യമായിട്ടായിരുന്നു ഒരു വിദ്യാര്‍ത്ഥി സമരം നടന്നത്. സ്‌കൂള്‍ മാനേജരും മറ്റും സമര വിവരം അറിഞ്ഞ് സ്‌കൂളിലെത്തി എന്നെ വിളിച്ച് ഉപദേശം നല്‍കിയതൊക്കെ ഓര്‍മ്മ വരുന്നു. ജോസഫ് മാഷെ സ്‌കൂളിലെ എല്ലാ കുട്ടികളും ഭയപ്പെടുന്ന വ്യക്തിയായിരുന്നു. അദ്ദേഹം എന്നോട് കയര്‍ത്ത് സംസാരിച്ചു. ‘നിങ്ങള്‍ സമരം ചെയ്താല്‍ കുട്ടികളെ എന്റെ വീട്ടില്‍ കൊണ്ടുപോയി പഠിപ്പിക്കും’
ചെറുപ്പത്തിന്റെ തിളപ്പില്‍ ഞാന്‍ പ്രതികരിച്ചു ‘അവിടേയും ഞങ്ങള്‍ വന്ന് സമരം ചെയ്യും’.
ഇത്രയൊക്കെ ആയിട്ടും കോഴ്സ് തീരാറായപ്പോള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. എന്റെ ഓട്ടോഗ്രാഫില്‍ അദ്ദേഹം കുറിച്ചു ‘വസ്തുതകള്‍ ആയതു പോലെ കാണുക’.
അധ്യാപകനായി എയ്ഡഡ് സ്‌കൂളില്‍ ജോയിന്‍ ചെയ്തപ്പോള്‍ ഇടതുപക്ഷ അധ്യാപക സംഘടനാ അംഗവും പ്രവര്‍ത്തകനുമായിരുന്നു. സര്‍ക്കാര്‍ വിദ്യാലയത്തിലെത്തിയപ്പോഴും ഇടതുപക്ഷ സംഘടനയില്‍ ഉറച്ചുനിന്നു. സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍ സി.പി.എമ്മിന്റെ ഫ്രാക്ഷന്‍ വിഭാഗത്തില്‍ അംഗത്വമെടുത്തു പ്രവര്‍ത്തിച്ചു. പക്ഷേ അതില്‍ തുടരാന്‍ എനിക്ക് സാധിക്കാതെ വന്നു.
വര്‍ത്തമാനകാലത്ത് ഞാന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല. അതില്‍ എനിക്ക് താല്‍പര്യവുമില്ല. എന്നാല്‍ ഇടതുപക്ഷചിന്താഗതി വെച്ചുപുലര്‍ത്തുന്ന വ്യക്തിയായി തുടരുന്നു.
എല്ലാ പാര്‍ട്ടിക്കാരുമായും സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞു വരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായും ലീഗ് നേതാക്കളുമായും ബി.ജെ.പി നേതാക്കളുമായും ബന്ധപ്പെടുകയും പല പൊതുപ്രവര്‍ത്തന മേഖലയിലും ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page