യു കെയില്‍ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു മരിച്ച ചിങ്ങവനം സ്വദേശിനിയായ നഴ്‌സിന്റെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച യു കെയില്‍ കുഴഞ്ഞുവീണ് മരിച്ച കോട്ടയം സ്വദേശിയായ നഴ്‌സ് സോണിയ സാറയുടെ ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പില്‍ വീട്ടില്‍ അനില്‍ ചെറിയാന്‍ (റോണി) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇവരുടെ താമസ സ്ഥലത്തിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് അനില്‍ റോണിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചയോടെ മക്കള്‍ ഇരുവരും ഉറങ്ങവേ വീടിന് പുറത്ത് പോയ റോണിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
‘താന്‍ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും’ വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. സോണിയ കഴിഞ്ഞ ഞായറാഴ്ചയാണ് യു കെയിലെ വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചത്. കാലില്‍ ശസ്ത്രക്രിയയ്ക്കായി സോണിയ യു കെയില്‍ നിന്നും 10 ദിവസത്തേക്ക് നാട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച യു കെയിലെ വീട്ടില്‍ തിരിച്ചെത്തി ഒരു മണിക്കൂറിനുള്ളിലാണ് കുഴഞ്ഞുവീണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല.
സോണിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം പാക്കില്‍ സ്വദേശിനിയായ സോണിയ സാറ ഐപ്പ് റെസിച്ചിയിലെ അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു.
വിദ്യാര്‍ത്ഥികളായ ലിയ, ലൂയിസ് എന്നിവരാണ് ദമ്പതിമാരുടെ മക്കള്‍.







