കാസര്‍കോട്:ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാതായി. ബന്തിയോട്. കുബണൂരിലെ മമ്മൂഞ്ഞി ഖുര്‍മഖാദറിന്റെ മകന്‍ റാസിഖി(23)നെയാണ് കാണാതായത്. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു റാസിഖ്. 12 മണിക്കും 4.30മണിക്കും ഇടയില്‍ ഇയാളെ കാണാതാവുകയായിരുന്നുവെന്നു വീട്ടുകാര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഏതാനും ദിവസം മുമ്പ് ചില അനിഷ്ട സംഭവങ്ങള്‍ നാട്ടില്‍ നടന്നിരുന്നു. ഇതു പരിഗണിച്ചാണ് രാത്രിയില്‍ തന്നെ വീട്ടുകാര്‍ പരാതി നല്‍കിയത്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് പൊലീസ് ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പരാതിക്കാരന്റെ വീട്ടിലെത്തിയ പൊലീസ് റാസിഖിന്റെ കിടപ്പുമുറിയില്‍ പരിശോധന നടത്തി. പരിശോധനയില്‍ റാസിഖ് എഴുതിയ കുറിപ്പ് കണ്ടെടുത്തു. ”ഞാന്‍ പോകുന്നു. സ്‌കൂട്ടര്‍ കൊണ്ടു പോകുന്നുണ്ട്. സ്‌കൂട്ടര്‍ ഒന്നുകില്‍ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തോ മംഗ്‌ളൂരു റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തോ ഉണ്ടാകും” എന്നാണ് കുറിപ്പില്‍ ഉണ്ടായിരുന്നത്. കുറിപ്പ് കിട്ടിയ ഉടന്‍ പൊലീസ് മംഗ്‌ളൂരു, കാസര്‍കോട് പൊലീസുകളെ വിവരം അറിയിച്ചു. പരിശോധനയില്‍ സ്‌കൂട്ടര്‍ മംഗ്‌ളൂരു റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. റാസിഖിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കൂട്ടിച്ചേര്‍ത്തു.
