കാസര്‍കോട്: ജീവകാരുണ്യ പ്രവര്‍ത്തനത്തിനു മാതൃകയായ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍ സെല്‍തു മുഹമ്മദിനെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.
അടുത്തിടെ കുമ്പള ജി.എസ്.ബി.എസ് സ്‌കൂള്‍ പരിസരത്തു വച്ചു അപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ ജീവന്‍ രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ സെല്‍തു മുഹമ്മദിനെയാണ് ബിജെപി ആദരിച്ചത്. ബിജെപി-സംസ്ഥാന കൗണ്‍സില്‍ അംഗം വി. രവീന്ദ്രന്‍ പൊന്നാടയണിയിച്ചു. മണ്ഡലം പ്രസിഡണ്ട് സുനില്‍ അനന്തപുരം ഉപഹാരം സമ്മാനിച്ചു. കെ.പി അനില്‍ കുമാര്‍, വസന്തകുമാര്‍ മയ്യ, രചനഷെട്ടി, രാധാകൃഷ്ണ മഡ്വ, ശശി, സുജിത്‌റൈ, പ്രദീപ് ബംബ്രാണ, ഗോപാല്‍ തുടങ്ങിയവര്‍ സെല്‍തു മുഹമ്മദിനെ അനുമോദിച്ചു.
അപകടത്തില്‍പ്പെട്ടു റോഡില്‍ കിടന്ന കുട്ടിയെ സ്‌കൂള്‍ കുട്ടികളുമായി വരുകയായിരുന്ന സെല്‍തു റോഡ് സൈഡില്‍ ഇറക്കി നിറുത്തിയ ശേഷം പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതിനുശേഷം വിവരം സ്‌കൂളിലും കുട്ടിയുടെ വീട്ടുകാരെയുമറിയിച്ചു. തിരിച്ചുവന്നു റോഡ് സൈഡില്‍ ഇറക്കി നിറുത്തിയിരുന്ന വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുകയും ചെയ്തു. മാനവികതയുടെ മഹാമാതൃകയായ മുഹമ്മദ് സമൂഹത്തിനു മാതൃകയാണെന്ന് അനുമോദന യോഗം അഭിപ്രായപ്പെട്ടു.
