തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമകമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടു.
സിനിമാരംഗത്തെ ഞെട്ടിക്കുന്ന ഉള്‍ക്കളികള്‍ റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നു. സിനിമ മേഖല നിയന്ത്രിക്കുന്നത് ക്രിമിനുകളാണെന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സിനിമാ രംഗത്തെ പ്രവര്‍ത്തകരും കമ്മീഷനെ അറിയിച്ചു. മാഫിയ സംഘങ്ങളും സിനിമാ മേഖലയെ നിയന്ത്രിക്കുന്നു. സിനിമ ലോകം ക്രിമിനലുകളുടെ പിടിയിലാണെന്നും ചൂഷണത്തില്‍ പ്രധാന നടന്മാരുമുണ്ടെന്നും ആര്‍ട്ടിസ്റ്റുകള്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വഴിവിട്ട കാര്യങ്ങള്‍ക്കു സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിക്കാറുണ്ടെന്ന് ആര്‍ട്ടിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആര്‍ട്ടിസ്റ്റുകളുടെ വെളിപ്പെടുത്തലുകളില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ്. സിനിമാ രംഗത്തു നടികള്‍ അക്രമിക്കപ്പെടുന്നത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. ലൈംഗിക ചൂഷണ വിവരങ്ങള്‍ പുറത്തു പറയാത്തതു ജീവനു വേണ്ടിയുള്ള ഭീതി കൊണ്ടാണ്. അതുകൊണ്ട് തന്നെ പരാതി കൊടുക്കുന്നുമില്ല. വനിതാ സിനിമാ ആര്‍ട്ടിസ്റ്റുകളുടെ വാതിലുകളില്‍ മുട്ടുന്നതു പതിവാണ്. വാതില്‍ തുറന്നില്ലെങ്കില്‍ വീണ്ടും ഉച്ചത്തില്‍ മുട്ടിക്കൊണ്ടിരിക്കും. വാതില്‍ ചവിട്ടിപ്പൊളിക്കുമോ എന്ന് ഭയപ്പെട്ടുപോകും. വഴങ്ങാത്തവര്‍ക്ക് അവസരം ഇല്ലാതാകും. അവരുടെ ഭാവി നശിപ്പിക്കും.
സിനിമാ മേഖലയില്‍ സ്ത്രീകളോട് പ്രാകൃതസമീപനമാണ്. പരാതിപ്പെട്ടാല്‍ ഗുരുതര പ്രത്യാഘാതമാണ്. സിനിമാമേഖലയില്‍ വ്യാപക ചൂഷണമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സിനിമാ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമുണ്ട്. അവസരം കിട്ടണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു. റിപ്പോര്‍ട്ടിലെ 55,56 പേജുകളിലാണ് ഈ രംഗത്തെ നടുക്കുന്ന വിവരങ്ങള്‍. 51 പേര്‍ കമ്മീഷനു മൊഴി നല്‍കി. നടിമാര്‍ മാത്രമല്ല, രക്ഷിതാക്കളും ബന്ധുക്കളും വഴങ്ങേണ്ടി വരുന്നുവെന്നും കമ്മീഷനു മൊഴി നല്‍കിയവരുണ്ട്. ആലിംഗന സീന്‍ ചിത്രീകരിക്കാന്‍ 17 റീടേക്കുകള്‍ വരെ എടുത്തെന്നും സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ക്കു പ്രാഥമിക സൗകര്യങ്ങുണ്ടാകാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.