കാസര്‍കോട്: നിര്‍ത്തിയിട്ട കാറിനകത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചോയ്യങ്കോട്, കരിന്തളം റോഡിലെ കെ. കൊട്ടന്റെ മകന്‍ കെ.വി ദിനേശന്‍ (52)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറു മണിയോടെ നീലേശ്വരം റെയില്‍വെ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സ്വന്തം കാറിനകത്താണ് ദിനേശനെ മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് ദിനേശന്‍ കാറുമായി വീട്ടില്‍ നിന്നു ഇറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. രാത്രി വൈകി നാട്ടുകാര്‍ ദിനേശനെ കണ്ടെത്താന്‍ തെരച്ചില്‍ തുടങ്ങി. പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച പുര്‍ച്ചയോടെ ദിനേശന്റെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നീലേശ്വരം റെയില്‍വെസ്റ്റേഷനു സമീപത്താണെന്നു തിരിച്ചറിഞ്ഞു. തുടര്‍ന്ന് സ്ഥലത്ത് എത്തിയപ്പോള്‍ ദിനേശന്റെ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ടു. ഡോര്‍ അടച്ചതല്ലാതെ താക്കോല്‍ ഉപയോഗിച്ച് ലോക്ക് ചെയ്തിരുന്നില്ല. തുറന്നു നോക്കിയപ്പോഴാണ് ദിനേശനെ കാറിന്റെ പിന്‍സീറ്റില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ മരണപ്പെട്ടതായി വ്യക്തമായി. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. എസ്.ഐ മധുസൂദനന്‍ മടിക്കൈയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണമെന്തെന്ന് വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
മാതാവ്: കുഞ്ഞിപ്പെണ്ണ്. ഭാര്യ: പ്രമീള. മക്കള്‍: ദൃശ്യ, വൈഷ്ണവ്. സഹോദരങ്ങള്‍: രവി, കുഞ്ഞിക്കണ്ണന്‍, സുരേഷ്, അശോകന്‍, രാധാമണി.