ന്യൂഡെൽഹി: പ്രതിശ്രുത വരൻ്റെയും സുഹൃത്തിൻ്റെയും സഹായത്തോടെ മാതാവിനെ കൊലപ്പെടുത്തിയ മകളും സംഘവും പൊലീസ് പിടിയിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നജഫ് ഗഡ് മെയിൻ മാർക്കറ്റിനടുത്തെ റസിഡൻഷ്യൽ കോംപ്ലക്സിൻ്റെ നാലാം നിലയിലെ ഫ്ലാറ്റിൽ ഒറ്റക്കു താമസിക്കുന്ന സുമതി എന്ന 58 കാരിയെയാണ് മകളുടെ നേതൃത്വത്തിൽ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സുമതിയുടെ മകൾ മോണിക്ക വെള്ളിയാഴ്ച പൊലീസിനെ വിളിച്ചു. നജഫ് ഗഡിലെ ഫ്ലാറ്റിൽ ഒറ്റക്കു താമസിക്കുന്ന മാതാവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കുന്നില്ലെന്നു മോണിക്ക പരാതിപ്പെട്ടു. മാത്രമല്ല, തലേന്നാൾ താൻ മാതാവിനെ ഫ്ലാറ്റിൽ സന്ദർശിച്ചിരുന്നുവെന്നും അപ്പോൾ അവർ ഉല്ലാസവതിയായിരുന്നെന്നും തുടർന്ന് അറിയിച്ചു. പൊലീസ് എത്തി ഫ്ലാറ്റിൻ്റെ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ മാതാവ് മരിച്ച നിലയിലായിരുന്നു. കൈകളിലും മുഖത്തും മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. സംശയം തോന്നിയ പൊലീസ് കെട്ടിടത്തിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചു. പുലർച്ചെ 2.18 നു ഒരു യുവതിയും രണ്ടു പുരുഷന്മാരും ഫ്ലാറ്റിൽ എത്തുന്ന ദൃശ്യം കണ്ടെത്തി.മാത്രമല്ല, ദൃശ്യത്തിലെ സ്ത്രീ കൊല്ലപ്പെട്ട സുമതിയുടെ മകൾ മോണിക്കയാണെന്നും ഒപ്പമുണ്ടായിരുന്നതു പ്രതിശ്രുത വരൻ നവീൻ കുമാറും അയാളുടെ സുഹൃത്ത് ഹരിയാന സ്വദേശി യോഗേഷുമാണെന്നും സ്ഥിരീകരിച്ചു. മൂവരെയും അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു .മകളുടെ അതിബുദ്ധിയാണ് കൊലയാളികളെ അതിവേഗം പിടികൂടുന്നതിനു സഹായകമായതെന്നു പൊലീസ് പറഞ്ഞു.
