മന്ത്രം ഒന്ന്:
ഉദ്ദാലകോ ഹാരുണി: ശ്വേതകേതും പുത്രമുവാച
സ്വപ്നാന്തം മേ സോമ്യ വിജാനീഹീതി, യത്രൈതക്ക്
പുരുഷ: സ്വപിതി നാമസതാ സോമ്യ തദാ സമ്പന്നോ
ഭവതി, സ്വമപീതോഭവതി, തസ്മാദേനം. സ്വപിതീ-
ത്യാചക്ഷതേ, സ്വം ഹ്യപീതോഭവതി.
സാരം: അരുണ പുത്രനായ ഉദ്ദാലകന്‍ തന്റെ പുത്രനായ ശ്വേതകേതുവിനോടു പറഞ്ഞു. ‘അല്ലയോ സൗമ്യ സ്വപ്നത്തിന്റെ അവസാനമായ സുഷുപ്തിയെക്കുറിച്ച് എന്നില്‍ നിന്ന് അറിഞ്ഞാലും. ഒരാള്‍ ഉറങ്ങുന്നു എന്നതിനര്‍ത്ഥം, അയാള്‍ തന്റെ സ്വരൂപമായ ആത്മചൈതന്യവുമായി താദാത്മ്യപ്പെടുന്നു എന്നാണ്. അവന്‍ തന്റെ സ്വന്തം ഭാവമായ ബോധത്തില്‍ തിരികെ പ്രവേശിക്കുന്നു. അതുകൊണ്ടാണ് അവന്‍ സ്വപിക്കുന്നു എന്ന് പറയുന്നത്. എന്തു കൊണ്ടെന്നാല്‍ അവന്‍ സ്വന്തം സ്വരൂപത്തെ പ്രാപിച്ചവനായി ഭവിക്കുന്നു.
ഇവിടെ വലിയൊരു വേദാന്തതത്വമാണ് ഉദ്ദാലകമുനി പുത്രനിലൂടെ നമുക്കു വെളിവാക്കിത്തരുന്നത്. വാസനാകാമകര്‍മ്മങ്ങളില്‍ വ്യാപൃതനായ ജീവാത്മാവ് ക്ഷീണിതനായി, തന്റെ ശ്രമം തീര്‍ക്കുന്നതിനായി സുഷുപ്തി എന്ന ഗാഢനിദ്രാവസ്ഥയെ എല്ലാ ദിവസവും പ്രാപിക്കുന്നു. ഇതിനെയാണ് ഇവിടെ സ്വപിക്കുക എന്ന് പറയുന്നത്. സ്വം:സ്വന്തം രൂപം. അപ്യേതി:വീണ്ടും പ്രാപിക്കുന്നു. ഏകവും ഏവവും അദ്വിതീയവുമായ പരമാത്മാവ് ജീവികളുടെ മനസ്സ്, ബുദ്ധി മുതലായ അന്തഃകരണ ഉപാധികളില്‍ പ്രതിബിംബിക്കുമ്പോഴാണ് അത് ജീവാത്മാവ് എന്ന പരിമിതമായ സൃഷ്ടിയായി പരിണമിക്കുന്നത്. ജീവാത്മാവ്, ശരീരം, ഇന്ദ്രീയങ്ങള്‍, മനസ്സ്, ബുദ്ധി തുടങ്ങിയ ഉപകരണങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നു. ജന്മജന്മാന്തരങ്ങളായി ആര്‍ജ്ജിച്ച വാസനകളുടെ പൂര്‍ത്തീകരണത്തിനാണ് ജീവാത്മാവ് അതിന്റെ ഉപാധികളിലൂടെ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്നത്. പകല്‍ മുഴുവന്‍ കര്‍മ്മനിരതമാകുന്ന കരണങ്ങള്‍ വിശ്രമത്തിനായി കൊതിക്കുന്നു. ആനന്ദം അനുഭവിക്കാനായി ആ ജീവന്‍ ആഗ്രഹിക്കുന്നു. ആദ്ധ്യാത്മിക ശാസ്ത്രം ഉദ്‌ഘോഷിക്കുന്നത് നിത്യവും അനന്തവുമായ ആനന്ദത്തിന്റെ സ്രോതസ്സ് അവനവന്റെ തന്നെ ആത്മാവാണ്. ആ ആത്മാവാകട്ടെ പരമാത്മാവിന്റെ പ്രതിബിംബമാണ്. അപരിമേയമായ ആനന്ദസ്വരൂപമായ ആത്മാവിനെ ഗാഢനിദ്രാവസ്ഥയില്‍ പ്രാപിച്ച് ആനന്ദം അനുഭവിക്കുന്നതിനെയാണ് ഇവിടെ സ്വപിക്കുക അഥവാ സ്വന്തം രൂപത്തെ വീണ്ടും പ്രാപിക്കുക എന്നതു കൊണ്ട് ഋഷി ഉദ്ദേശിക്കുന്നത്. സുഷുപ്തിയില്‍ ഒരാള്‍ അനുഭവിക്കുന്ന സുഖമാണ് ആത്യന്തികമായ സുഖം. ധ്യാനത്തിന്റെ പരമകാഷ്ഠയില്‍ ഒരു യോഗി അനുഭവിക്കുന്നതും ഈ അഖണ്ഡാനന്ദമാണ്. ശരീരവും ഇന്ദ്രീയങ്ങളും മനസ്സും എല്ലാം ഉള്‍വലിഞ്ഞ് അവയുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകുമ്പോഴാണ് നാം സുഷുപ്തി അഥവാ ഗാഢനിദ്രാവസ്ഥയെ പ്രാപിക്കുന്നത്. പക്ഷെ ഈ സുഷുപ്ത്യാവസ്ഥയില്‍ നിന്ന് ഉണരുമ്പോഴാണ് ‘ഞാന്‍ സുഖമായി ഉറങ്ങി എന്ന അനുഭവം നമുക്കുണ്ടാകുന്നത്.
എന്നാല്‍ ബോധപൂര്‍വ്വം ശരീര മനോ ബുദ്ധികളുടെ വ്യാപാരങ്ങളെ പിന്‍വലിച്ച് ധ്യാനനിരതനാകുന്ന ഒരു യോഗി സമാധി അവസ്ഥയില്‍ അനുഭവിക്കുന്ന ആനന്ദം, അദ്ദേഹം ആ അവസ്ഥയില്‍ തന്നെ അറിയിക്കുന്നു എന്നതാണ് സുഷുപ്തിയും സമാധിയും തമ്മിലുള്ള വ്യത്യാസം.
രണ്ടും അനുഭവം ഒന്നാണെങ്കിലും സുഷുപ്തിയില്‍ അജ്ഞാനം എന്ന ആവരണമുള്ളതിനാല്‍ അത് അനുഭവിക്കുമ്പോള്‍ നാം ആ അവസ്ഥയെക്കുറിച്ച് ബോധവാന്മാരാകുന്നില്ല. അതില്‍ നിന്ന് ഉണരുമ്പോഴാണ് സുഖമായി ഉറങ്ങി എന്ന അറിവുണ്ടാകുന്നത്. ഗാഢനിദ്രാവസ്ഥയില്‍ നിന്ന് ഉണര്‍ന്നുവരുമ്പോള്‍ ശരീരത്തിനും ഇന്ദ്രീയ മനോബുദ്ധികള്‍ക്കുമുണ്ടായിരുന്ന ക്ഷീണമെല്ലാം മാറി ഒരു നവോന്മേഷം കൈവരുന്നു. ആദ്യം മനസ്സുണരുന്നു. പിന്നീട് ക്രമത്തില്‍ ഇന്ദ്രീയങ്ങളും ശരീരവും പ്രവര്‍ത്തനക്ഷമങ്ങളാകുന്നു. വീണ്ടും വാസനാപ്രേരിതമായ കാമകര്‍മ്മങ്ങളില്‍ വ്യാപൃതരാകുന്നു. ഈ ഉണര്‍ന്നുവരുന്നതാണ് നമ്മുടെ ദൈനംദിന ജീവിതത്തിലെ സൃഷ്ടി. പ്രവര്‍ത്തനനിരതമാകുന്നതാണ് സ്ഥിതി. ശരീരമനോബുദ്ധികളും ഇന്ദ്രീയങ്ങളും അടങ്ങി സ്വന്തം സ്വരൂപമായ ശുദ്ധബോധത്തിലേക്ക് തിരിച്ചു പോകുന്നതാണ് സംഹാരം. ഇത് എല്ലാ ദിവസവും സംഭവിക്കുന്നതാണ് ജീവിതം.
ഇതേ പ്രക്രിയ സമഷ്ടിയിലും സംഭവിക്കുന്നു. പ്രപഞ്ചം പരാമത്മാവില്‍ നിന്നും ഉണര്‍ന്നു സൃഷ്ടിജാലങ്ങള്‍ പ്രകടമാകുന്നതാണ് സൃഷ്ടി. അവശനിലനില്‍ക്കുന്നതാണ് സ്ഥിതി. അവയെല്ലാം ഉത്ഭവസ്ഥാനത്തേക്ക് തിരികെ പ്രവേശിക്കുന്നതാണ് പ്രളയം അഥവാ സംഹാരം. പ്രളയം എന്നാല്‍ പ്രകര്‍ഷേണയുള്ള ലയം ആണ്. രാത്രിയിലെ ഗാഢനിദ്രയില്‍ എപ്രകാരമാണോ ശരീരമനോബുദ്ധികളും ഇന്ദ്രീയങ്ങളും നമ്മുടെ ശുദ്ധബോധത്തില്‍ ലയിച്ച് അടങ്ങുന്നത് അതേ പ്രക്രിയ സമഷ്ടിയില്‍ സംഭവിക്കുന്നതാണ് സമഷ്ടി പ്രളയം. ഈ തത്വമാണ് ഉദ്ദാലക മഹര്‍ഷി തന്റെ പുത്രനായ ശ്വേതകേതുവിനെ ഉദ്ബോധിപ്പിക്കുന്നത്. ഇതാണ് പ്രപഞ്ച രഹസ്യം. അദ്ദേഹം തന്റെ വിവരണം തുടരുന്നു.
(തുടരും)